കടമ്പഴിപ്പുറം: നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷം തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് കുളക്കാട്ടുകുറുശ്ശി ചെമ്പീപ്പാടത്ത് ബാലകൃഷ്ണൻ. നാട്ടിൽ നിന്ന് പാലക്കാട്ടേക്ക് ഒരു സ്വകാര്യ ബസ് സർവീസ് യാഥാർത്ഥ്യമായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും.
ശ്രീകൃഷ്ണപുരം, കരിമ്പുഴ, തച്ചനാട്ടുകര, കടമ്പഴിപ്പുറം എന്നിവിടങ്ങളിലൂടെയാണ് ബാലൻ ആദ്യം ബസ് സർവീസ് ആരംഭിച്ചത്. 2005ൽ ശ്രീലക്ഷ്മി എന്ന പേരിൽ പട്ടാമ്പി - മണ്ണാർക്കാട് റൂട്ടിലും ശേഷം, ആറുമാസം കോഴിക്കോട് റൂട്ടിലും താത്കാലിക പെർമിറ്റിൽ സർവീസ് നടത്തി. സ്വന്തംനാടായ കുളക്കാട്ടുകുറിശ്ശിയിൽ നിന്നും പാലക്കാട്ടേക്ക് സർവീസ് നടത്താൻ അപേക്ഷ കൊടുത്ത് മാസങ്ങൾ കാത്തിരുന്നു. പക്ഷേ, ജനോപകാരപ്രദമായ സമയത്തൊന്നും ഓട്ടം കിട്ടിയില്ല. ഇതോടെ എട്ടു ലക്ഷം ബാങ്ക് വായ്പ എടുത്ത് ബസ് വാങ്ങിയ ബാലൻ കടക്കെണിയിലായി. ബാങ്ക് ജപ്തി ഭീഷണിയും നേരിട്ടു. ഇതിനെയെല്ലാം അതിജീവിച്ച് നിരന്തര നിയമ പോരാട്ടത്തിനൊടുവിലാണ് തനിക്ക് അനുകൂലമായ സമയത്ത് പെർമിറ്റ് അനുവദിച്ച് കോടതി ഉത്തരവായത്.
മോട്ടോർ വാഹന വകുപ്പിന്റെയും തൊഴിലാളി സംഘടനകളുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകളെ പോരാട്ടത്തിലൂടെ മറികടന്ന ബാലനും തന്റെ ബസിനും നാട്ടുകാർ വലിയ സ്വീകരണമാണ് നൽകിയത്. ഒറ്റപ്പാലം ജോയിന്റ് ആർ.ടി.ഒ സി.മോഹനൻ എസ്.ബി.എസ് ബസിന്റെ കന്നി യാത്ര ഫ്ളാഗ് ഒഫ് ചെയ്തു. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ യാത്രക്കാരെ സ്വാഗതം ചെയ്തു. രാവിലെ 6.45ന് കുളക്കാട്ടൂകുറിശ്ശിയിൽ നിന്ന് പാലക്കാട്ടേക്ക് ആരംഭിക്കുന്ന സർവീസ് രാതി 8.15ന് കുളക്കാട്ടൂകുറിശ്ശിയിൽ സമാപിക്കുന്ന രീതിയിലാണ് സമയം ക്രമീകരണം.