പാലക്കാട്: പേമാരിയെ അതിജീവിച്ച നെൽപാടങ്ങളിൽ ഒാലകരിച്ചൽ വ്യാപകം. ജില്ലാ കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കനുസരിച്ച് മഴക്കെടുതിയിൽ 7300 ഹെക്ടർ നെൽകൃഷിയാണ് വെള്ളത്തിനടിയിലായത്. ഇടയ്ക്കിടെ മഴ പെയ്യുന്നതാണ് ഒാലകരിച്ചലിന് പ്രധാന കാരണം. ആലത്തൂർ, നെന്മാറ, കാവശ്ശേരി, കൊടുവായൂർ, കുഴൽമന്ദം, തേങ്കുറുശ്ശി എന്നിവിടങ്ങളിലാണ് ഒാലകരിച്ചിൽ വ്യാപകം. ഇതോടെ ഒന്നാം വിളവെടുപ്പ് വൈകുമെന്ന ആശങ്കയിലാണ് കർഷകർ.
കൃഷിയിറക്കുന്ന സമയത്ത് മഴ ലഭിക്കാത്തതിനെ തുടർന്ന് നടീൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പലഭാഗത്തും വൈകിയാണ് ആരംഭിച്ചത്. നടീൽ കഴിഞ്ഞ് ദിവസങ്ങൾക്കകം പെയ്ത ശക്തമായ മഴയിൽ പാടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇത് കൃഷിയെ പ്രതികൂലമായി ബാധിച്ചു. കാലാവസ്ഥ വ്യതിയാനത്തിലുള്ള മാറ്റംമൂലം രോഗങ്ങൾ ബാധിക്കുന്നതിൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. ഇടവിട്ടുള്ള മഴയും വെയിലുമുള്ള കാലാവസ്ഥയിൽ രോഗങ്ങൾ വളരെവേഗം പടരുന്നതിനാൽ ഇതിനെതിരെ കർഷകർ ജാഗ്രതപാലിക്കണമെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.
കൊയ്ത്ത് വൈകും
ഓല പൂർണമായും കരിയുന്നത് വിളവിനെ ബാധിക്കും. യൂറിയയുടെ അമിത പ്രയോഗവും രോഗം വ്യാപിപ്പിക്കും. സാധരണഗതിയിൽ സെപ്തതംബർ ആദ്യവാരത്തോടെയാണ് വിളവെടുപ്പ് ആരംഭിക്കുക. നിലവിൽ കതിര് വന്ന പാടങ്ങൾ പാകമാകാൻ ഇനിയും ഒരുമാസം കഴിയും. നേരത്തെ ആരംഭിച്ച പാടങ്ങളിൽ അനുകൂല കാലാവസ്ഥയാണെങ്കിൽ ഒാണംകഴിയുന്നതോടെ വിളവെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷ.
മുതലാംതോട് മണി,
ജനറൽ സെക്രട്ടറി, ദേശീയ കർഷക സമാജം