ചിറ്റൂർ: ജല ബഡ്ജറ്റ് തയ്യാറാക്കി കാർഷിക രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരണം. 20വർഷം വരെ മുൻകൂട്ടികണ്ടുവേണം ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കാനെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ജലശക്തി അഭിയാൻ പദ്ധതിയുടെ ഭാഗമായി പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം ചിറ്റൂരിൽ സംഘടിപ്പിച്ച കിസാൻ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃത്യമായ അളവിൽ ജലം ലഭ്യമാക്കുന്നുണ്ടെന്ന് കർഷകരെ ബോധ്യമാക്കാൻ കഴിയണം. മൈക്രോ ഇറിഗേഷൻ, പ്രിസിഷൻ ഫാമിംഗ്, കമ്മ്യൂണിറ്റി ഫാമിംഗ് എന്നിവ പ്രായോഗികമാക്കണം. കൃഷിക്കാർ, കൃഷി ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ എന്നിവർ സംയുക്തമായി കാർഷിക പദ്ധതികൾ തയ്യാറാക്കണം. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കനാൽ വഴിയുള്ള ജലവിതരണം കാര്യക്ഷമമാക്കാൻ ഫാർമേഴ്‌സ് ക്ലബുകൾക്ക് ചുമതല നൽകുമെന്നും മന്ത്രി പറഞ്ഞു.
ജലശക്തി അഭിയാൻ, വനവത്കരണം, ജല വിനിയോഗ സാങ്കേതിക വിദ്യകൾ, ജല വിഭവ പരിപാലനം, മണ്ണ് സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുത്ത സെമിനാറുകളും കർഷകർക്കായി മണ്ണ് പരിശോധനയും പ്രദർശന മേളയും
നടന്നു.
ചിറ്റൂർ നെഹ്‌റു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. രമ്യ ഹരിദാസ് എം പി, ജില്ലാ കലക്ടർ ഡി. ബാലമുരളി, ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർമാൻ കെ.മധു, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി ധന്യ, പെരുമാട്ടി, പട്ടഞ്ചേരി, വടവന്നൂർ, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പ്രോഗ്രാം കോഡിനേറ്റർ ഡോ.എം. ഇസ്രായേൽ തോമസ്, ഉദ്യോഗസ്ഥർ പങ്കെടുത്തു.