ഒറ്റപ്പാലം: അനങ്ങൻമലയിലെ ഉരുൾപൊട്ടലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട 15 കുടുംബങ്ങളോടൊപ്പം ഞെട്ടൽ മാറാതെ കഴിയുകയാണ് മേലൂർ ഗ്രാമനിവാസികൾ. മേലൂർ കീഴ്പാടത്ത് കോളനിക്കാർ താമസിക്കുന്നതിന് നേരെ മേലെയുള്ള അനങ്ങൻ മലയിലാണ് കഴിഞ്ഞ ഒമ്പതിന് പുലർച്ചെ രണ്ടിന് ഉരുൾപൊട്ടിയത്. വീടുകളുടെ ഏതാനും മീറ്ററുകൾ വ്യത്യാസത്തിലാണ് പാറക്കഷണങ്ങളും, മണ്ണും, വെള്ളവും, മരങ്ങളെല്ലാം ദിശമാറി ഒഴുകിയത്. 40 മീറ്റർ വീതിയിലാണ് മലയിൽ നിന്നും ഇവ ഒഴുകിയെത്തിയത്.
ഇതേതുടർന്ന് പ്രദേശത്തെ മുഴുവൻ കിണറുകളും ഇല്ലാതായി. അഞ്ചുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കുഴൽ കിണറും, പമ്പ് ഹൗസും പൂർണ്ണമായും ഇല്ലാതായി. ഒരു പൊതുകിണർ ഉൾപ്പെടെയുള്ള കീഴ്പാടത്ത് കല്യാണി, കുണ്ടുതൊടി നാരായണൻ, കീഴ്പാടത്ത് കൃഷ്ണ ദാസൻ, കീഴ് പാടത്ത് വള്ളി എന്നിവരുടെ കിണറുകളും പൂർണമായി തകർന്നു. നാലോ അഞ്ചോ സെന്റ് ഭൂമിയും അതിൽ ചെറിയൊരു വീടും. ഇതാണ് മേലൂർ കീഴ്പാടം കോളനി നിവാസികളുടെ കൈവശമുള്ളത്.
15 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതിനായി കഴിഞ്ഞ പത്ത് ദിവസങ്ങളായി പ്രദേശത്തെ ഒരു പൊതുകിണർ വൃത്തിയാക്കുകയാണ് നാട്ടുകാർ. ഉരുൾപൊട്ടലിനേ തുടർന്ന് പ്രദേശത്തെ പത്ത് പോസ്റ്റുകളും, മുഴുവൻ ലൈനുകളും തകർന്നു. ഇപ്പോൾ വൈദ്യുതി പോസ്റ്റുകൾ ഇല്ലാതെ സർവ്വീസ് വയർ വലിച്ച് താൽകാലിക വൈദ്യുതി കണക്ഷനാണ് നൽകിയിരിക്കുന്നത്.
കീഴ്പാടത്ത് കോളനിയിൽ മാത്രം ഒന്നര ലക്ഷം രൂപയിലധികം നാശനഷ്ടമാണ് കെ.എസ്.ഇ.ബിയ്ക്ക് ഉണ്ടായിട്ടുള്ളതെന്ന് അമ്പലപ്പാറ കെ.എസ്.ഇ.ബി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എസ്.സാം പറഞ്ഞു.
പുത്തൻകുളം കോളനിയെയും ഭരതപാറ കോളനിനെയും ബന്ധിപ്പിക്കുന്ന റോഡും തകർന്നു. ഇതോടെ പ്രദേശം ഒറ്റപ്പെട്ടു കഴിയുകയാണ്. അടിയന്തരമായി താൽകാലിക റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അമ്പലപ്പാറ പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്.
കൂടാതെ അനങ്ങൻമലയുടെ താഴ് വാരത്തിൽ താമസിക്കുന്നവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. വലിയ പാറക്കഷണങ്ങൾ മലയിൽ നിന്ന് ഏതുനിമിഷവും ഉരുണ്ടു വീഴാറായി നിൽക്കുന്ന അവസ്ഥയാണ്. വാർഡ് അംഗം വി.ചാമിയുടെ നേതൃത്വത്തിൽ വിഷയത്തെ സംബന്ധിച്ച് ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.