ഒറ്റപ്പാലം: തെരുവുകളിൽ ബൈക്ക് അഭ്യാസം കാഴ്ചവച്ച് കൈയ്യടി നേടുന്ന 32 കാരനായ ശ്യാമിൽ ഗ്രാവിറ്റി കലയും സാഹസികതയും ജീവിതത്തിൽ ചേർത്തുവച്ച അതുല്യ പ്രതിഭയാണ്. ആദ്യകാലത്ത് സാഹസിക അഭ്യാസം ഹരംമാത്രമായിരുന്നുവെങ്കിൽ പിന്നീട് അത് ജീവിതം മാറ്റിമറിക്കുന്ന കലയാക്കുകയായിരുന്നു ശ്യാമിൽ എന്ന് വിളിപ്പോരുള്ള വിനൂപ് മാത്യു.
കോതമംഗലം സ്വദേശിയായ ഇദ്ദേഹത്തിന്റെ സാഹസികത പ്രകടനങ്ങൾക്ക് ഇന്ത്യയിലെ വിവിധ തെരുവോരങ്ങൾ സാക്ഷിയായിട്ടുണ്ട്. ദേശങ്ങളും ഊരുകളും താണ്ടിയുള്ള യാത്രയ്ക്കിടെ
പാലക്കാടെത്തി. ശേഷം ഒറ്റപ്പാലത്തുകാരനായി മാറുകയായിരുന്നു. ഇന്ന് ഇദ്ദേഹം ബൈക്ക് സ്റ്റണ്ടർ മാത്രമല്ല നർത്തകൻ, നൃത്താദ്ധ്യാപകൻ, കോറിയോഗ്രാഫർ, മിമിക്രി കലാകാരൻ എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭയാണ്.
ബൈക്കുമായി കേരളം, തമിഴ്‌നാട്, കർണാട എന്നിവിടങ്ങൾ കറങ്ങി. സാഹസികത കൊണ്ട് ജീവിതത്തിലെ ഇല്ലായ്മകളെ തോൽപ്പിക്കുന്ന കാലത്ത് ഒരിക്കൽ കാലിടറി. ആ പിഴവ് വലിയ അപകടത്തിലാണ് കലാശിച്ചത്. അതിന്റെ ഭാഗമായി ശ്യാമിലിന്റെ ശരീരത്തിൽ പലയിടത്തും സ്റ്റീൽ റാഡുകൾ ഇടേണ്ടിവന്നു. അപകടത്തെ തുടർന്ന് മാസങ്ങളോളം കിടപ്പിലായി. അപ്പോഴും ബൈക്ക് സ്റ്റണ്ടിനോടുള്ള ആദ്ദേഹത്തിന്റെ അഭിനിവേശത്തിന് ഒട്ടും മങ്ങലേറ്റിരുന്നില്ല. ഒന്നിനോടും തോൽക്കാനാവില്ലെന്ന് മനസിൽ ഉറപ്പിച്ചാണ് ജീവിതന്റെ രണ്ടാം ഏട് ആരംഭിച്ചത്. ഈ തിരിച്ചുവരവിൽ ശ്യാമിൽ നൃത്തരംഗത്തും ചുവടുറപ്പിച്ചു. തുടർന്ന് ഒറ്റപ്പാലത്ത് ഗ്രാവിറ്റി ഡാൻസ് ഹബ് തുറന്നു. നൂറോളം കുട്ടികൾക്ക് ശ്യാമിൽ പരിശീലനം നൽകുന്നുണ്ട്. ഫിറ്റ്‌നസ് ഡാൻസ്, റിലാക്‌സേഷൻ ഡാൻസ്, മദർ ഡാൻസ് എന്നിങ്ങനെ സ്ത്രീകൾക്കടക്കം ഏത് വിഭാഗക്കാർക്കും പ്രായഭേതമില്ലാതെ ചെയ്യാവുന്ന നൃത്തപരിശീലനമാണ് നൽകുന്നത്.
അതിജീവനത്തിന്റെ വഴിയിൽ വീണുപോയ പലർക്കും പ്രചോദനമാണ് ഈ ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ ജീവിതാനുഭവവും. സാഹസികതയുടെ സഹയാത്രികനായ തനിക്ക് ജീവിതത്തിൽ തുണയായതും ഈ ധൈര്യമാണെന്ന് ശ്യാമിൽ പറയുന്നു.