ചെർപ്പുളശ്ശേരി: ട്രാഫിക് പരിഷ്‌കരണം പൊലീസ് നടപ്പാക്കുന്നതിനിടെ റോഡുകളുടെ തകർച്ച ചെർപ്പുളശ്ശേരിയിലെത്തുന്ന യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നഗരത്തിൽ ഒറ്റപ്പാലം റോഡ് ജംഗ്ഷൻ, ഹൈസ്‌കൂൾ ജംഗ്ഷൻ, അയ്യപ്പൻകാവ് പരിസരം എന്നിവിടങ്ങളിലും പുത്തനാൽക്കൽ ക്ഷേത്രത്തിന് സമീപവും മറ്റുമാണ് യാത്രാ ക്ലേശം രൂക്ഷമായിരിക്കുന്നത്. പട്ടാമ്പി റോഡിൽ മഠത്തിപറമ്പിലുൾപ്പെടെ പലയിടത്തും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ നഗരം മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗത കുരുക്കിനാണ് സാക്ഷിയാകുന്നത്.

ഇരുചക്രവാഹന യാത്രക്കാരും ഓട്ടോറിക്ഷക്കാരുമാണ് റോഡ് തകർച്ചമൂലം വലിയ ദുരിതം അനുഭവിക്കുന്നത്. ഒറ്റപ്പാലം റോഡ് ജംഗ്ഷനിൽ രൂപപ്പെട്ട വലിയ കുഴി വാഹനങ്ങൾക്ക് അപകടക്കെണിയായി മാറിയിട്ടുണ്ട്. മഴ പെയ്താൽ ഹൈസ്‌കൂൾ ജംഗ്ഷനിൽ ചെളിയും കല്ലും ഒലിച്ചെത്തുന്ന സ്ഥിതിയാണ്. ഇത് റോഡിൽ പരന്നു കിടക്കുന്നതും ഇരുചക്ര വാഹനയാത്രക്കാരെ അപകടത്തിൽ ചാടിക്കുന്നു. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഗുണഫലങ്ങളും ഇതുകാരണം യാത്രക്കാർക്ക് കിട്ടാത്ത സ്ഥിതിയാണ്. ഓണം അടുത്ത സാഹചര്യത്തിൽ നഗരത്തിൽ തിരക്ക് കൂടുമെന്നിരിക്കെ റോഡുകളുടെ തകർച്ച ആളുകൾക്ക് വലിയ ദുരിതമുണ്ടാക്കും. കുഴികൾ അടച്ച് റോഡ് താൽകാലികമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.