നെല്ലിയാമ്പതി: ഓണാവധിക്കു മുമ്പ് പോത്തുണ്ടി - നെല്ലിയാമ്പതി റോഡിലൂടെയുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താൻ നടപടിവേണമെന്ന ആവശ്യം ശക്തം. റോഡിന്റെ
അപകടാവസ്ഥ കണക്കിലെടുത്ത് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ
യാത്രാനിയന്ത്രണം കഴിഞ്ഞദിവസം മുതൽ പിൻവലിച്ചെങ്കിലും ഗതാഗതസൗകര്യം മെച്ചപ്പെടുത്തിയിട്ടില്ല. വീതി കുറഞ്ഞതും കുണ്ടും കുഴികളും നിറഞ്ഞ റോഡ് അറ്റകുറ്റപണി നടത്താതെ കിടക്കുകയാണ്. രണ്ട് ഭാഗത്താണ് പ്രധാനമായും അപകട ഭീഷണിയുള്ളത്. ചെറുനെല്ലിക്കു താഴെയും വ്യൂപോയിന്റിന് അടുത്തുമുള്ള ഭാഗത്തെ റോഡിൽ നികത്തിയ കല്ലും മണ്ണും ഒലിച്ചുപോയി. അപകടമുള്ള ഭാഗത്ത് ടാർവീപ്പനിരത്തി മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും രാത്രി സമയത്തു കടന്നുവരുന്നവർ അപകട
ത്തിൽപെടാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ പ്രളയകാലത്ത് റോഡിന്റെ ഒരുഭാഗം കൊക്കയിലേക്കു പോയതോടെ അപകടം ഒഴിവാക്കാനായി കൈവരി നിർമിച്ചിട്ടുണ്ടെങ്കിലും റോഡിന്റെ അവസ്ഥ ശോചനീയമാണ്. വീതികുറഞ്ഞ ഈ റോഡിലൂടെ തന്നെയാണ് വെള്ളത്തിന്റെ ഒഴുക്ക്. റോഡിന്റെ ഇരുവശത്തും കാടുപിടിച്ചുകിടക്കുന്ന പാഴ്‌ച്ചെടികൾ
വെട്ടിമാറ്റാത്തതിനാൽ വളവിലൂടെ പോകുന്ന വാഹനങ്ങൾക്ക് എതിർഭാഗത്തു
നിന്നും വരുന്ന വാഹനങ്ങൾ കാണാനാകില്ല.
കഴിഞ്ഞവർഷത്തെ മലയിടിച്ചിലിൽ 17സ്ഥലത്താണ് റോഡിന്റെ ഒരു ഭാഗം കൊക്കയിലേക്കു പോയത്. ഒരു വർഷത്തിനിടയിൽ 14 സ്ഥലത്ത് കോൺക്രീറ്റ് സംരക്ഷണഭിത്തികൾ സ്ഥാപിച്ചു. ഇനി 2 സ്ഥലത്തുകൂടി സ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിച്ചുവരികയാണ്.