പാലക്കാട്: ഈ വർഷത്തെ മഴക്കെടുതിയെ തുടർന്ന് സർക്കാരിന്റെ അടിയന്തര ധനസഹായമായ 10000 രൂപയ്ക്ക് അർഹരായവരുടെ പട്ടിക ജില്ലാ കളക്ടറുടെ ചേംബറിൽവച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടി പരസ്യപ്പെടുത്തി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ 3594 കുടുംബങ്ങളെ സംബന്ധിച്ചാണ് പട്ടികയിലുള്ളത്. പാലക്കാട് താലൂക്കിൽ 734, ചിറ്റൂരിൽ 34, ആലത്തൂർ 688, ഒറ്റപ്പാലം 630, മണ്ണാർക്കാട് 725, പട്ടാമ്പിയിൽ 783 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലെ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങളുടെ എണ്ണം.

വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർ, 15 ശതമാനം മുതൽ 100 ശതമാനം വരെ തകർച്ച് നേരിട്ട വീടുകളിലുള്ളവർ, അപകടം മുന്നിൽകണ്ട് ബന്ധുവീട്ടിലോ സുഹൃത്തുക്കളുടെയോ വീടുകളിലേക്ക് മാറി താമസിച്ചവർ ഉൾപ്പെട്ട കുടുംബങ്ങളാണ് ധനസഹായത്തിന് അർഹർ. കൂടാതെ ഒറ്റയ്ക്കും കുടുംബമായും ക്യാമ്പിൽ രജിസ്റ്റർ ചെയ്ത അതിഥി തൊഴിലാളികൾക്കും ധനസഹായത്തിന് അർഹതയുണ്ട്. കൂടുതൽ കുടുംബങ്ങളെ അന്വേഷണത്തിന് വിധേയമായി പട്ടികയിൽ ഉൾപ്പെടുത്തും.

ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പഞ്ചായത്ത്, താലൂക്ക്, വില്ലേജ് ഓഫീസുകളിലെ നോട്ടീസ് ബോർഡുകളിലും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്തംബർ ഏഴിനകം 10,000 രൂപ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ഫോട്ടോ (3): മഴക്കെടുതിയിൽ സർക്കാരിന്റെ അടിയന്തര ധനസഹായത്തിന് അർഹരായവരുടെ പട്ടിക മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ജില്ലാ കളക്ടർ ഡി.ബാലമുരളി കൈമാറുന്നു