കൊല്ലങ്കോട്: മുതലമട, ആട്ടയാമ്പതിയിലെ സ്വകാര്യ ആർക്കിടെക്ട് കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിനിയെ റാഗ് ചെയ്ത സംഭവത്തിൽ കോളേജ് അധികൃതരുടെ പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രാവിലെ ക്ലാസാരംഭിച്ചപ്പോൾതന്നെ തൃശൂർ കോട്ടപ്പടി സ്വദേശിയായ ഒന്നാംവർഷ വിദ്യാർത്ഥിനിയെ സീനിയേഴ്സ് റാംഗ് ചെയ്തു. ഇത് പുറത്ത് പറഞ്ഞാൽ ഈ കാമ്പസിലും മറ്റേത് കാമ്പസിലും പഠിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണപ്പെടുത്തിയെന്നാണ് റാഗിംഗിന് ഇരയായ വിദ്യാർത്ഥിനി പറയുന്നത്. അന്നേദിവം രാത്രി ഒമ്പതുമണിക്ക് സീനിയർ വിദ്യാർത്ഥിനികളുടെ മുറിയിൽ വരാനും ആവശ്യപ്പെട്ടു. പക്ഷേ, പേടിച്ചിട്ട് പോയില്ല. തുടർന്ന് രാത്രി സീനിയേഴ്സ് ഇവരുടെ മുറിയിലെത്തി മാനസികമായി ഉപദ്രവിക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പിറ്റേന്ന് രക്ഷിതാക്കൾ വന്നെങ്കിലും സീനിയേഴ്സ് അവരെ കാമ്പസിനുള്ളിലേക്ക് കയറ്റിയിരുന്നില്ല. പിന്നീട് പൊലീസിന്റെ സഹായത്തോടെ കാമ്പത്തിലെത്തിയാണ് പ്രിൻസിപ്പലിനെ കണ്ട് പരാതി നൽകിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങിയത്. റാഗിംഗിനെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ടും അത് പൊലീസിന് കൈമാറാനോ പ്രാഥമിക നടപടികളെടുക്കാനോ പ്രിൻസിപ്പലും മാനേജ്‌മെന്റും തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും പ്രതികരിക്കാത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.