പാലക്കാട്: ഗണേശോത്സവത്തിനായുള്ള ഒരുക്കത്തിലാണ് നാടും നഗരവും. ഗണേശോത്സവ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള 200 ഓളം ഗണേശ വിഗ്രഹങ്ങളുടെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്.
നഗരത്തിലെ വലിയങ്ങാടി, വടക്കന്തറ എന്നിവിടങ്ങളിലാണ് വിഗ്രഹങ്ങളുടെ നിർമ്മാണവും മറ്റു ജോലികളും തകൃതിയായി നടക്കുന്നത്. ഗണേശോത്സവത്തിലെ ഇത്തവണത്തെ താരം ബുള്ളറ്റ് ഗണപതിയായിരിക്കുമെന്ന് നിർമ്മാണ രംഗത്തെ ആളുകൾ പറയുന്നു. എട്ടടി ഉയരമുള്ള വിഗ്രഹത്തിന്റെ വില 17,000 രൂപയാണ്. പക്ഷേ, നഗരത്തിൽ കൂടുതൽ വിറ്റുപോകുന്നത് താമര ഗണപതിയാണ്. മൂന്ന് അടി മുതൽ 12 അടി വരെയുള്ള ഇവയുടെ വില 3500 മുതൽ 30,000 രൂപ വരെയാണ്. ഇതുകൂടാതെ ആനഗണപതി, ജെല്ലിക്കെട്ട് ഗണപതി, നാഗഗണപതി, സിംഹഗണപതി എന്നിവയും വിപണിയിലെ താരങ്ങളാണ്. പത്തടി മാത്രമുള്ള ജെല്ലിക്കെട്ട് ഗണപതിക്ക് 14000 രൂപയാണ് വില. മറ്റുള്ള വിഗ്രഹങ്ങളെല്ലാം മൂന്ന് മുതൽ 14 അടിവരെയുണ്ട്. 16 അടിയുടെ വലിയ താമരഗണപതി ജില്ലാ കമ്മിറ്റിയുടേതാണ്. മൂത്താന്തറ കർണകിയമ്മൻ ക്ഷേത്രമുറ്റത്താണ് ഈ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.
പേപ്പർ പൾപ്പ്, പൂളമാവ്, ചകിരി, ചാക്ക്, കവുങ്ങ് വടി എന്നിവ കൊണ്ട് ഉണ്ടാക്കുന്ന വിഗ്രങ്ങളുടെ ബോഡി, കൈ, തല, തുമ്പികൈ എന്നിവ തമിഴ്‌നാട്ടിൽ നിന്നാണ് ജില്ലയിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് നഗരത്തിലെ രണ്ട് കേന്ദ്രങ്ങളിലായി 15 തൊഴിലാളികളുടെ നേതൃത്വത്തിലാണ് ജോയിന്റ് വർക്ക്, പെയിന്റിംഗ് എന്നിവ നടക്കുന്നത്. ഒരു വിഗ്രഹം ജോയിന്റ് ചെയ്യാൻ മൂന്നുമണിക്കൂർ വേണം. ഈ ജോലി ചെയ്യുന്നത് തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ്.
മഴമൂലം വിഗ്രഹം ഉണ്ടാക്കുന്ന കുടിൽവ്യവസായങ്ങൾ പ്രതിസന്ധിയിലായതിനാൽ കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട്ടിൽ നിന്ന് വിഗ്രഹങ്ങൾ ജില്ലയിൽ എത്തിയത്. ബുള്ളറ്റ് ഗണിപതി ഉൾപ്പെടെയുള്ള 20 വിഗ്രഹങ്ങൾ ഇനിയും എത്താനുണ്ട്. സെപ്തംബർ മൂന്നിനാണ് നിമജ്ജനം.
-മഴക്കെടുതി ആഘോഷത്തെ ബാധിച്ചു
രണ്ട് വർഷം മുമ്പ് 500 വിഗ്രഹങ്ങൾ വിറ്റുപോയിരുന്നിടത്ത് കഴിഞ്ഞ വർഷവും ഇത്തവണയുമായി 200 വിഗ്രഹങ്ങൾക്കാണ് ബുക്കിംഗ് ഉള്ളത്. നഗരത്തെ കൂടാതെ ഒറ്റപ്പാലം, മണ്ണാർക്കാട്, ലെക്കിടി, കൊടുവായൂർ, കുഴൽമന്ദം എന്നിവിടങ്ങളിലേക്കാണ് കൂടുതൽ വിഗ്രഹം പോകുന്ന്.
മുരളി, ജനറൽ സെക്രട്ടറി, ഗണോശോത്സവം ജില്ലാ കമ്മിറ്റി