ഷൊർണൂർ:കുളപ്പുള്ളിയിൽ തെരുവ് നായ്ക്കളെ കൊന്ന സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി. ഏഴു നായ്ക്കളെ കഴിഞ്ഞ 21നാണ് കുളപ്പുള്ളി ആലിൻചുവട് പരിസരത്ത് വെടിയേറ്റ് ചത്തനിലയിൽ കണ്ടെത്തിയത്. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് പൊലീസെത്തി പരിശോധിച്ചതിൽ എയർഗൺ കൊണ്ട് വെടി വെച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് നായ്ക്കളുടെ ജഡം മണ്ണുത്തിയിലെ വെറ്റിനറി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയക്കുകയായിരുന്നു. എന്നാൽ, പൊലീസ് പിന്നീടത് മുർച്ചയുള്ള ആയുധം കൊണ്ടാണെന്ന് തിരുത്തിയതാണ് സംശയത്തിനിടയാക്കിയത്. ഇത്രയും നായ്ക്കളെ രാത്രി ഒരേ സ്ഥലത്ത് മുറിവേൽപ്പിക്കാൻ കഴിയുമെന്നുള്ള പൊലീസ് കണ്ടെത്തലിലും സംശയമുണ്ടെന്ന് ഹിന്ദു ഐക്യവേദി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ഷൊർണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. നായ്ക്കളെ വെട്ടിക്കൊല്ലുന്ന സംഭവം ഇതിന് മുമ്പും നടന്നിട്ടുണ്ട്. ഇപ്പോഴത്തെ സംഭവം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്നും ഹിന്ദു ഐക്യവേദി നേതാക്കളായ ജില്ലാ ജനറൽ സെക്രട്ടി പി.എൻ.ശ്രീരാമൻ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.ഹരിദാസ്, താലുക്ക് പ്രസിഡന്റ് സി.രാജഗോപാൽ,റ്റെപ്പാലം താലൂക്ക് ജനറൽ സെക്രട്ടറി എൻ.കൃഷ്ണൻ ആവശ്യപ്പെട്ടു.