കൊല്ലങ്കോട്: മുതലമട, ആട്ടായാമ്പതിയിലെ സ്വകാര്യ ആർക്കിടെക്ട് കോളേജിൽ സീനിയർ വിദ്യാർത്ഥിനികളുടെ റാഗിംഗിനെ തുടർന്ന് ഒന്നാംവർഷ വിദ്യാർത്ഥിനി പഠനം നിർത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചു.

പ്രതികളായ വിദ്യാർത്ഥികളെ കോളേജ് മാനേജ്‌മെന്റ് സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം വേണം. പ്രതികളായ വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യു - യൂത്ത് കോൺഗ്രസ് ഉപരോധം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് സി.വിഷ്ണു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൽ.സഹദേവൻ, ആർ.ബിജോയ്, കെ.രവീന്ദ്രൻ, ജി.അരുൺ പ്രകാശ്, ആർ.കാർത്തിക് എന്നിവർ നേതൃത്വം നൽകി.

അതേസമയം, വിഷയത്തിൽ കൊല്ലങ്കോട് പൊലീസ് പ്രിൻസിപ്പലിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി ലഭിക്കുന്നതനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.