വടക്കഞ്ചേരി: മണ്ണൂത്തി - വടക്കഞ്ചേരി ദേശീയപാതയിലെ കുഴികളടച്ചു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലാണ് സർവീസ് റോഡുകളിലും പ്രധാന റോഡിലും വലിയ കുഴികൾ രൂപപ്പെട്ടത്. ഇതോടെ ദേശീയ പാതയിലൂടെയുള്ള യാത്രാ ക്ലേശവും ഇരട്ടിയായി. കൂടാതെ കുഴികളിൽപെട്ട് ഇരുചക്ര വാഹനങ്ങൾ കേടുവരുന്നതും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗത കുരുക്കും പതിവായിരുന്നു. കുഴികൾ അടച്ചു തുടങ്ങിയതോടെ പ്രശ്നങ്ങൾ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
സർവീസ് റോഡിലൂടെയുള്ള യാത്രയാണ് ഏറെ പ്രയാസം. വടക്കഞ്ചേരി റോയൽ കവല മുതൽ തങ്കം തിയേറ്റർ കവലവരെയുള്ള ഭാഗങ്ങളിൽ നിരവധി കുഴികളാണുള്ളത്. ഇതാണ് മഴ മാറിയതോടെ പി.ഡബ്ല്യു.ഡി അധികൃതരുടെ നേതൃത്വത്തിൽ അടച്ചുതുടങ്ങിയത്. മുമ്പും ഇതുപോലെ തകർന്നതിനെ തുടർന്ന് ക്വാറിവേസ്റ്റ് ഇട്ടാണ് കുഴികളടച്ചത്. ഇത് ഈ മാസം രണ്ടാം വാരത്തിൽ പെയ്ത ശക്തമായ മഴയിൽ ഒലിച്ചുപോവുകയായിരുന്നു.