പാലക്കാട്: 30 നകം മുനിസിപ്പൽ സ്റ്റാൻഡിൽ പ്രവേശിക്കാത്ത സ്വകാര്യബസുകൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ തടയാൻ ഇന്നലെ ചേർന്ന നഗരസഭ കക്ഷി നേതാക്കളുടെയും സ്ഥിരംസമിതി അധ്യക്ഷൻമാരുടെയും സംയുക്തയോഗത്തിൽ തീരുമാനമായി. 29ന് ചേരുന്ന കൗൺസിൽ യോഗത്തിന് ശേഷം ഐക്യകണ്‌ഠേന തീരുമാനമെടുത്ത് ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാത്തപക്ഷം അടുത്തദിവസം മുതൽ ബസുകൾ തടയും.
യോഗത്തിൽ ചെയർപേഴ്‌സൺ പ്രമീളശശിധരൻ, വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഷൂക്കൂർ, പാർലമെന്ററി പാർട്ടി നേതാക്കളായ എ. കുമാരി, കെ. ഭവദാസ് തുടങ്ങിയവരും പങ്കെടുത്തു. നഗരസഭ കക്ഷി നേതാക്കളുടെ യോഗ തീരുമാനത്തെ വ്യാപാരികൾ സ്വാഗതം ചെയ്തു.
ഗതാഗത ഉപദേശക സമിതി തീരുമാനമനുസരിച്ച് മണ്ണാർക്കാട്, കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മുനിസിപ്പൽ സ്റ്റാൻഡ് ബസ് ബേയായി ഉപയോഗിക്കണം. പക്ഷേ, ഇതൊരു വിഭാഗം ബസുകൾ പാലിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞദിവസങ്ങളിൽ വ്യാപാരികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
2018 ആഗസ്റ്റ് രണ്ടിന് മുനിസിപ്പൽ സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ കെട്ടിടം തകർന്നതിനെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ബലക്ഷയമുള്ള കെട്ടിടത്തിന്റെ അപകടസാധ്യത കണക്കിലെടുത്ത് സ്റ്റാൻഡിലേക്കുള്ള പ്രവേശനം നിരോധിച്ചു. തുടർന്ന് ചർച്ചകൾക്ക് ശേഷം ബസുകൾ കയറാൻ അനുമതി നൽകിയെങ്കിലും സുരക്ഷയില്ലാതെ ബസുകൾ സ്റ്റാൻഡിലേക്ക് വിടില്ലെന്ന് ബസുടമകൾ നിലപാടെടുക്കുകയായിരുന്നു. ഇതോടെ പ്രദേശത്തെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തി. മുനിസിപ്പൽ സ്റ്റാൻഡ് ബസ് ബേയായി ഉപയോഗപ്പെടുത്തണമെന്ന് കോടതി വിധിയും വന്നു. എന്നാൽ, സ്‌റ്റേഡിയം സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തുന്ന കോഴിക്കോട്, മണ്ണാർക്കാട് ബസുകൾ ബൈപാസിൽ നിന്നും തിരിഞ്ഞ് മുനിസിപ്പൽ സ്റ്റാൻഡിലെത്തി പോകുന്നത് അഞ്ചുകിലോമീറ്ററോളം ചുറ്റലാക്കും. കൂടാതെ പത്തുമിനുട്ടിലധികം സമയനഷ്ടമുണ്ടാകുമെന്നും പറയുന്നു.
ഇത് ഒഴിവാക്കാൻ ജി.ബി റോഡിൽ വൺവേ സമ്പ്രദായം നടപ്പാക്കി സ്‌റ്റേഡിയം ബസ് സ്റ്റാൻഡിൽ നിന്നും ജി.ബി റോഡ് വഴി മുനിസിപ്പൽ സ്റ്റാൻഡിലെത്താൻ അനുവദിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. നിലവിൽ പാലക്കാട്ടേക്ക് വരുന്ന ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ കയറിയിറങ്ങുന്നുണ്ട്. അപ്രായോഗിക നിർദേശങ്ങൾ അടിച്ചേൽപ്പിച്ചാൽ സഹകരിക്കാനാവില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്.