പാലക്കാട്: പല റൂട്ടുകളിലും കെ.എസ്.ആർ.ടി.സി സമയക്രമം പാലീക്കാതെ സർവീസ് നടത്തുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ സെപ്തംബർ നാലിന് ആലത്തൂർ, മണ്ണാർക്കാട്, ചിറ്റൂർ താലൂക്കുകളിൽ സർവീസ് നിർത്തിവെക്കുമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനകളുടെ സംയുക്തസമിതി ഭാരാവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന് മുന്നോടിയായി ഈ മാസം 31ന് കെ.എസ്.ആർ.ടി .സി ഡിപ്പോയിലേക്ക് മാർച്ചും നടത്തും.

തൃശൂർ - ഗോവിന്ദാപുരം, തൃശൂർ മുതൽ വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഗോവിന്ദാപുരം, പുതുനഗരം, കൊടുവായൂർ, ചിറ്റൂർ, മണ്ണാർക്കാട് പാലക്കാട്, മണ്ണാർക്കാട് മഞ്ചേരി റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി യാതൊരു സമയക്രമവും പാലിക്കാതെയാണ് സർവീസ് നടത്തുന്നത്. ഇത് സ്വകാര്യ ബസുകളുടെ നിലനിൽപ്പിന് തന്നെ ബാധിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകാത്തപക്ഷം ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കേണ്ടി വരുമെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ, ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.സത്യൻ, കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് കെ.എ.ബഷീർ, കോ ഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അശോകൻ, ബസ് ഓപ്പറേറ്റഴ്‌സ് ഫോറം വൈസ് പ്രസിഡന്റ് വിപിൻ ആലപ്പാട് എന്നിവർ പങ്കെടുത്തു.