വടക്കഞ്ചേരി: മംഗലം ഡാം ടൗണിനോട് ചേർന്ന് കിടക്കുന്ന 35ലെ ജനവാസ കേന്ദ്രത്തിലേക്ക് പോകുവാനായി ഇറിഗേഷൻ വിട്ടുകൊടുത്തിട്ടുള്ള റോഡ് സഞ്ചാര യോഗ്യമല്ലാതായി. കഴിഞ്ഞ വർഷം വരെയും മംഗലം ഡാം ഉദ്യാനത്തിന്റെ പ്രവേശന കവാടത്തിൽ കൂടെയായിരുന്നു ഈ പ്രദേശത്തേക്കുള്ള സഞ്ചാരപാത. ഉദ്യാന നവീകരണത്തിന്റെ ഭാഗമായി പ്രവേശന കവാടം പുതുക്കിയതോടെയാണ് വഴി മാറ്റിയത്.
ഒരു ഭാഗത്ത് പ്ലാവും മറുഭാഗത്തുള്ള കെട്ടിടവും കാരണം വാഹനങ്ങൾ ഇതുവഴി കൊണ്ടുപോകാൻ പ്രദേശ വാസികൾ ഏറെ പ്രയാസപ്പെടുന്നു. കാറ്, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകുമെന്നല്ലാതെ തടസങ്ങൾ കാരണം വലിയ വാഹനങ്ങൾക്ക് പോകാനാകില്ല. 70ൽ പരം വീടുകൾക്ക് പുറമെ കോൺവെന്റ്, വ്യാപാരഭവൻ, ഫിഷറീസ് സഹകരണ സംഘത്തിന്റെ മത്സ്യ വിപണന കേന്ദ്രം എന്നിവയെല്ലാം ഈ വഴിയിലാണ്.
പ്രദേശത്തുള്ളവർക്ക് തങ്ങളുടെ ആവശ്യങ്ങൾക്ക്, പ്രത്യേകിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ വാഹനങ്ങൾ കൊണ്ടുവരാൻ പറ്റാത്തത് സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന അവസ്ഥയാണ്. പാതയിലേക്ക് തള്ളി നിൽക്കുന്ന പ്ലാവ് മുറിച്ചുമാറ്റി എല്ലാ വാഹനങ്ങൾക്കും സുഗമമായി കടന്നുപോകാൻ പറ്റുന്ന രീതിയിൽ റോഡ് അറ്റകുറ്റപണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.