mammootty

ഒറ്റപ്പാലം: അട്ടപ്പാടിയിൽ നിന്ന് സൂപ്പർതാരം മമ്മൂട്ടിയെ കാണാൻ ചുവന്ന റോസാപ്പൂക്കളുമായി മലയിറങ്ങിവന്ന ആദിവാസി കുട്ടികൾക്ക് കിട്ടിയത് കൈനിറയെ സമ്മാനവും മനം നിറയെ സ്‌നേഹവും. ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെയും 50തോളം ആദിവാസി കുട്ടികളുടെയും സ്‌നേഹ സമാഗമത്തിന് വേദിയായത്.

മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ ചിത്രീകരണ വേദിയിലാണ് കാടിന്റെ മക്കൾ എത്തിയത്. അട്ടപ്പാടി, നെന്മാറ, നെല്ലിയാമ്പതി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് മമ്മൂട്ടിയുടെ നേതൃത്വത്തിലിലുള്ള കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പ്രത്യേക ക്ഷണപ്രകാരം ഇന്നലെ മനയിലെത്തിയത്.

ചായ നൽകി കുട്ടികളെ സ്വീകരിച്ച മമ്മൂട്ടി അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. ആദിവാസി കുട്ടികളിൽ നിന്ന് നേരിൽകേട്ട പരാതികൾക്ക് അപ്പോൾ തന്നെ പരിഹാരശ്രമങ്ങൾക്കും മമ്മൂട്ടി മനസ് വെച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി കെയർ ആന്റ് ഷെയർ ഫൗണ്ടേഷൻ ഈ മേഖലയിലടക്കം കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, കുട്ടികളെയടക്കം അട്ടപ്പാടി മേഖലയിലെ ആദിവാസി ജനവിഭാഗവുമായി മമ്മൂട്ടി മുഖാമുഖമൊരുക്കുന്നത് ആദ്യമായിട്ടാണ്.

നൽകി വരുന്ന സഹായ ഹസ്തങ്ങൾക്ക് നന്ദി പറയാൻ കൂടിയാണ് കുട്ടികൾ ട്രൈബൽ പ്രൊമോട്ടർമാരോടൊപ്പം മമ്മൂക്കയെ കാണാനെത്തിയത്. പഠനോപകരണങ്ങൾ, വൈദ്യസഹായം, പി.എസ്.സി കോച്ചിംഗ് ലൈബ്രറി എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ കെയർ ആന്റ് ഷെയർ ആദിവാസികൾക്ക് സഹായമൊരുക്കുന്നുണ്ട്.
ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ അടുത്തയാഴ്ച തന്നെ ആരംഭിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ എം.ഡി ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ്ജ് സെബാസ്റ്റിൻ, ഫോറസ്റ്റ് ലീഗൽ ഓഫീസർ കെ.ആർ.ഇന്ദു, നടൻ രാജ് കിരൺ, സംവിധായകൻ അജയ് വാസുദേവ്, രാജഗിരി ഹോസ്പിറ്റൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോസ് പോൾ, എം.റജീന, ഡിക്‌സൺ എന്നിവരും സന്നിഹിതരായി.