പാലക്കാട്: ഓണം വിപണി ലക്ഷ്യംവച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ വരവ് വർദ്ധിച്ചതോടെ പരിശോധന കർശനമാക്കുകയാണ് ക്ഷീരവികസന വകുപ്പ്. ജില്ലയിൽ സ്ഥിരമായി പാൽ പരിശോധനാ സംവിധാനമുള്ള മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിൽ നിലവിൽ 24 മണിക്കൂറും പരിശോധനയുണ്ട്. കൂടാതെ ഈമാസം അഞ്ചുമുതൽ വാളയാർ ചെക്ക്‌പോസ്റ്റിലും താത്കാലിക പരിശോധന സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
പ്രളയത്തിന് ശേഷം ജില്ലയിലെ പാലുത്പാദനത്തിൽ പ്രതിദിനം 11000 ലിറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്. ഒാണാഘോഷം കൂടിയാകുമ്പോൾ പാലിന്റെ ആവശ്യകത വർദ്ധിക്കും. വിപണനം കൂടുതലായതിനാൽ ഗുണനിലവാരം കുറഞ്ഞ പാൽ പൊതുവിപണിയിലെത്താനുള്ള സാധ്യതയേറെയാണ്. ഇത് കണക്കിലെടുത്താണ് ക്ഷീരവികസന വകുപ്പ് പരിശോധ ശക്തമാക്കുന്നത്.
തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പാലൊഴുകുന്നത്. പ്രതിദിനം മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് വഴി മൂന്നരലക്ഷം ലിറ്ററും വാളയാർ വഴി രണ്ടര ലക്ഷം ലിറ്ററുമാണ് പാൽ വരുന്നത്. ചെറുതും വലുതുമായി 60 വാഹനങ്ങളാണ് അതിർത്തി കടന്നെത്തുന്നത്. വരുംദിവസങ്ങളിൽ ഇതിൽ വർദ്ധനവുണ്ടാകുമെന്ന് അധികൃതർ പറയുന്നു.
പരിശോധന ഈ മാസം പത്തുവരെ
പാലിന്റെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാർത്ഥങ്ങൾ, കേടുവരാതിരിക്കാനും പുളിക്കാതിരിക്കായും ചേർക്കുന്ന മായങ്ങൾ, ആന്റി ബയോട്ടിക്കുകൾ എന്നിവയാണ് പരിശോധിക്കുക. ഈ മാസം പത്തുവരെ തുടരും. ഓണക്കാല ഊർജിത പാൽ ഗുണനിയന്ത്രണ പരിപാടിയുടെ ഭാഗമായി സിവിൽ സ്റ്റേഷനിൽ ജില്ലാ ക്വാളിറ്റി ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കും. ഇവിടെ രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെയാണ് പരിശോധന. പൊതുജനങ്ങൾ കൊണ്ടുവരുന്ന വിവിധതരം പായ്ക്കറ്റ് പാൽ, കർഷകർ, സംഘങ്ങൾ എന്നിവയുടെ സാമ്പിൾ ഇവയെല്ലാം സൗജന്യമായി പരിശോധിച്ച് നൽകും.
ജെ.എസ്.ജയസുജീഷ്, ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്.
പ്രളയം നഷ്ടം രണ്ടേകാൽ കോടി
പ്രളയത്തെ തുടർന്ന് ക്ഷീരവികസന വകുപ്പിന് പ്രതിദിനം നഷ്ടമായത് 11,000 ലിറ്റർ പാൽ. രണ്ടേകാൽ കോടി രൂപയാണ് മേഖലയ്ക്ക് ആകെയുള്ള നഷ്ടം. പ്രളയത്തിന് മുമ്പ് ജൂണിൽ 9295784 ലിറ്ററും ജൂലായിൽ 9620509 ലിറ്ററുമാണ് ജില്ലയിലെ 324 ക്ഷീരസംഘങ്ങൾ വഴി ശേഖരിച്ചത്. ചിറ്റൂർ, കൊല്ലങ്കോട്, മലമ്പുഴ, അട്ടിപ്പാടി പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ പാൽ വരുന്നത്. പ്രളയംമൂലം അട്ടപ്പാടിയിലാണ് ക്ഷീരമേഖലയ്ക്ക് കൂടുതൽ നഷ്ടം ഉണ്ടായത്.