പാലക്കാട്: ചിറ്റൂർ - തത്തമംഗലം നഗരസഭാ പരിധിയിൽ ഇന്ന് മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം. ഇതിനു മന്നോടിയായി നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളിലും ആദ്യം തുണിസഞ്ചി വിതരണം ചെയ്തു. 10,000 ത്തോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. വ്യാപാരികൾ, ഹോട്ടലുടമകൾ തുടങ്ങിയവരുടെ പൂർണ പിന്തുണയോടെയാണ് പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് നഗരസഭാ ചെയർമാൻ കെ.മധു അറിയിച്ചു.
കച്ചവടക്കാർ, വ്യാപാരികൾ, ഹോട്ടൽ ബേക്കറി ഉടമകൾ എന്നിവർക്ക് പദ്ധതി നടപ്പാക്കുന്നതിന് മന്നോടിയായി ബോധവത്ക്കരണ ക്ലാസുകൾ നൽകിയിരുന്നു. പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു കൊണ്ടുള്ള സ്റ്റിക്കറുകൾ മുഴുവൻ കടകളിലും സ്ഥാപനങ്ങളിലും പതിപ്പിച്ചിട്ടുണ്ട്.
30 ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് നഗരസഭാ പരിധിയിലെ വീടുകളിൽ തുണി സഞ്ചികൾ എത്തിച്ചത്. അഞ്ച്, 15 കിലോഗ്രാം ഉൾക്കൊള്ളാവുന്ന രണ്ട് തുണി സഞ്ചികളാണ് ഓരോ വീടിനും സൗജന്യമായി വിതരണം ചെയ്തത്. കടകളിൽ മിതമായ നിരക്കിൽ തുണി സഞ്ചികൾ യഥേഷ്ടം ലഭ്യമാക്കിയിട്ടുണ്ട്. തുണിക്കടകൾ ഭൂരിഭാഗവും പേപ്പർ, തുണി ബാഗുകളിലേക്ക് ഇതിനോടകം മാറിക്കഴിഞ്ഞു. 3.20 ലക്ഷം രൂപയാണ് ഇവയ്ക്കായി നഗരസഭാ വകയിരുത്തിയത്. കൂടാതെ ബാങ്കുകൾ സ്‌പോൺസർഷിപ്പായും തുണി സഞ്ചികൾ വിതരണം ചെയ്യുന്നുണ്ട്.
മികച്ച മാലിന്യ സംസ്‌കരണ മാതൃകകൾ
എട്ട് വർഷമായി മികച്ച മാലിന്യ സംസ്‌കരണ മാതൃകകൾ പിന്തുടരുന്ന ചിറ്റൂർ തത്തമംഗലം നഗരസഭാ വിവിധ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. നഗരസഭയ്ക്കുള്ളിൽ നടക്കുന്ന പ്രധാന ആഘോഷങ്ങളായ കൊങ്ങൻ പട, കുതിരയോട്ടം എന്നിവ പൂർണമായും ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാണ് സംഘടിപ്പിക്കുന്നത്.
ജൈവം, അജൈവം, ഇവേസ്റ്റ് എന്നിങ്ങനെ വേർതിരിച്ച് മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യശേഖരണം കൃത്യമായി നടക്കുന്നുണ്ട്.
ഫോട്ടോ (1): ചിറ്റൂർ തത്തമംഗലം നഗരസഭാ പരിധിയിലെ വീടുകളിൽ നഗരസഭാ ചെയർമാൻ കെ. മധുവിന്റെ നേതൃത്വത്തിൽ തുണിസഞ്ചികൾ വിതരണം ചെയ്യുന്നു