പാലക്കാട്: ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ രോഗാണു വ്യാപനത്തിനുള്ള സാദ്ധ്യത കൂടുതലായതിനാൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി.റീത്ത അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി, ഡെങ്കിപ്പനി, എച്ച്1 എൻ1, വയറിളക്കരോഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസുഖങ്ങൾക്ക് യാതൊരു കാരണവശാലും സ്വയംചികിത്സ അരുത്. വെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകിയേക്കാം. ഉറവിട നശീകരണമാണ് ഡെങ്കിപ്പനി വ്യാപനം തടയുന്നതിനുള്ള പ്രധാന മാർഗം. വൈറസ് ബാധയുണ്ടായാൽ ആറുമുതൽ 10 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും.

ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ഡോക്ടറെ സമീപിക്കുക. ശുദ്ധജലം ശേഖരിച്ചുവെക്കുന്ന സംഭരണികൾ, പാത്രങ്ങൾ, ടാങ്കുകൾ, ചെടിച്ചട്ടി, ടയർ, ഫ്രിഡ്ജിന്റെ അടിയിലുള്ള ട്രേ, മുട്ടത്തോട്, കരിക്കിൻതോട്, ചിരട്ട തുടങ്ങി എല്ലാ വസ്തുക്കളും കൊതുകുകളുടെ ഉറവിടമാണ്. ചെറിയ അളവ് ജലത്തിൽപ്പോലും കൊതുകുകൾ വളർന്നേക്കും. പരിസരപ്രദേശങ്ങളിൽ ഒരുകാരണവശാലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കിണറുകൾ, ടാങ്കുകൾ, മറ്റുജലസംഭരണികൾ എന്നിവ കൊതുകുവലയിട്ടോ തുണി ഉപയോഗിച്ചോ മൂടിവെയ്ക്കണം. ചുറ്റുപാടിൽ കൊതുകുകൾക്ക് വളരാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കുക. കൊതുകു കൂത്താടി നശീകരണത്തിനായുള്ള ഡ്രൈ ഡേ ആചരിക്കൽ ആഴ്ചയിൽ ഒരിക്കൽ കൃത്യമായും നടത്തണം.

 ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ

കടുത്ത പനി
തലവേദന
കണ്ണുകൾക്ക് പിന്നിൽ വേദന,
പേശികളിലും സന്ധികളിലും വേദന
ക്ഷീണം
ഛർദ്ദി
ശരീരത്തിൽ ചുവന്നപാടുകൾ