പാലക്കാട്: കാട്ടാനശല്യം രൂക്ഷമായ മലമ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ഫെൻസിംഗ് പുനർനിർമ്മിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

അടിക്കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കുന്ന പ്രവർത്തി ത്വരിതഗതിയിൽ പൂർത്തീകരിക്കുക, പുതുതായി അനുമതി ലഭിച്ച ഫെൻസിംഗ് പ്രവർത്തികൾ പൂർത്തീകരിക്കുക, കാട്ടാന ശല്യം മൂലം വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് ധനസഹായം ബന്ധപ്പെട്ട വകുപ്പുകളിൽ ഉറപ്പുവരുത്തുക, നിലവിലുള്ള സ്‌ക്വാഡിന് പുറമേ അധികമായി സ്‌ക്വാഡ് രൂപീകരിക്കാൻ വേണ്ട നടപടി സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ചർച്ചചെയ്തത്. അടിയന്തരമായി ഇടപെടുന്നതിനായി മുഴുവൻ നിർദ്ദേശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനും യോഗം തീരുമാനിച്ചു. പന്നിമട രണ്ട് കിലോ മീറ്റർ, പാറങ്ങോട്ടു കുളമ്പ് ഒന്നര കിലോ മീറ്റർ, വാളയാർ വട്ടപ്പാറ രണ്ട് കിലോ മീറ്റർ, ഊറോളി 2.6 കിലോ മീറ്റർ എന്നീ ഫെൻസിംഗ് പ്രവർത്തികളുടെ നിർമാണത്തിനാണ് പുതുതായി അനുമതി ലഭിച്ചിട്ടുള്ളത്.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെ. പി ഷൈജ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കാഞ്ചന സുദേവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. സി ഉദയകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ നിതിൻ കണിച്ചേരി എന്നിവർ പങ്കെടുത്തു.

പുതുശ്ശേരി, മലമ്പുഴ ,മരുതറോഡ് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, കർഷക പ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, മലമ്പുഴ കൃഷി അസി.ഡയറക്ടർ, മൂന്ന് പഞ്ചായത്തിലെ കൃഷി ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.