ഷൊർണൂർ: ഗവ. പ്രസിലെ ജീവനക്കാരിയെ സഹപ്രവർത്തകൻ ദേഹോപദ്രവമേൽപ്പിച്ചതായി പരാതി. പത്തുദിവസം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് മേലാധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിനാൽ കഴിഞ്ഞദിവസം ജീവനക്കാരി ഷൊർണൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. യൂണിയൻ നേതാവ് ശിവദാസനെതിരെയാണ് പരാതി.
ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയ ജീവനക്കാരിയെ തടഞ്ഞ് നിർത്തി. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ അകത്തേക്ക് വലിച്ചിട്ട് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. ശേഷം ഷട്ടർ അടച്ചിട്ടുവെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സംഭവ സമയം ഇവർ രണ്ടുേപരും മാത്രമേ ഡിസ്ട്രിക് ഫോം സെക്ഷനിൽ ഉണ്ടായിരുന്നുള്ളു. യൂണിയന്റെ പിരിവിനായി ഇരുവർക്കും ചേർന്ന് പോകാനണ് തന്നെ നിർബന്ധിച്ച് അവിടെ ഇരുത്തിയതെന്നും പരാതിക്കാരി പറയുന്നു.
സഹജീവനക്കാരനിൽ നിന്നും മർദ്ദനമേറ്റ സംഭവം യുവതി പ്രസിലെ ഇൻന്റേണൽ കമ്മിറ്റിയിലും ,ഡിസ്ട്രിക് ഫോം ഓഫീസിലും അറിയിച്ചു. അച്ചടി വകുപ്പ് ഡയറക്ടർക്കും പരാതി നൽകി. രണ്ടാഴ്ച്ചയായിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ജീവനക്കാരിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഷൊർണൂർ എസ്.ഐ. പറഞ്ഞു.