പാലക്കാട്: യുദ്ധകാലാടിസ്ഥാനത്തിൽ ജലശുദ്ധീകരണ പദ്ധതികൾ നടപ്പാക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ഉരുൾപൊട്ടലും മഴയേയും തുടർന്ന് ജലസ്രോതസുകളിൽ ചെളികലരുന്ന സാഹചര്യം കണക്കിലെടുത്ത് ശുദ്ധീകരണ പ്ലാന്റുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വികസന സമിതിയിൽ ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. ഡ്യുവൽ ഫിൽട്രേഷൻ പ്ലാന്റ് പദ്ധതിക്കായി രണ്ടുകോടി അനുവദിച്ചിട്ടുണ്ട്.
മഴക്കെടുതിയിൽ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ട് ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിൽ അടിയന്തരമായി വൈദ്യുതി പുനഃസ്ഥാപിക്കും. കനാൽ ബണ്ടുകൾ, റോഡിന്റെ സംരക്ഷണ ഭിത്തികൾ, കൽവർട്ടുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണമെന്ന് വി.ടി ബൽറാം എം.എൽ.എ ആവശ്യപ്പെട്ടു.
ജില്ലയിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ അഞ്ച് വിദഗ്ധ സംഘങ്ങളുടെ നേതൃത്വത്തിൽ പഠനം നടത്തിയിരുന്നതായും ജില്ലാ ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നതിനു ശേഷം രണ്ടാഴ്ചയ്ക്കകം പുനർ നടപടികൾ ആരംഭിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. എന്നാൽ തച്ചമ്പാറ പഞ്ചായത്തിൽ പാലക്കയം അടക്കമുള്ള പ്രദേശങ്ങളിൽ വലിയൊരു ഉരുൾപൊട്ടലിന് സാധ്യതയില്ലെന്നും വിദഗ്ധ സംഘം കണ്ടെത്തിയതായി കലക്ടർ പറഞ്ഞു. ചില സ്ഥലങ്ങളിൽ പൂർണമായും ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ടതുണ്ട്. കൂടാതെ റോഡ്, വീട്, നിർമ്മാണപ്രവർത്തനങ്ങളും കൃഷിയും തടയേണ്ടതുണ്ട്. ഇത്തരം പ്രദേശങ്ങളിൽ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചർച്ച നടത്തിയശേഷം തീരുമാനങ്ങൾ എടുക്കുമെന്നും കലക്ടർ അറിയിച്ചു.
റേഷൻ കാർഡ് ഇല്ലാത്ത പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീട്
സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്ത പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾക്കും ലൈഫ് മിഷൻ പദ്ധതിയിലൂടെ വീടും സ്ഥലവും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ അറിയിച്ചു. വീട്ടുനമ്പർ ഇല്ലെന്ന കാരണത്താൽ അപേക്ഷകൾ തള്ളുന്ന സാഹചര്യമില്ലെന്ന് കോഡിനേറ്റർ പറഞ്ഞു.
മണ്ണിടിച്ചിൽ ഉണ്ടായ ആനക്കല്ല്, പറച്ചാത്തി, ആദിവാസി മേഖലകളിൽ കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ജല അതോറിറ്റിക്ക് യോഗം നിർദ്ദേശം നൽകി. പുതുപ്പരിയാരം പബ്ലിക് ഹെൽത്ത് ലാബ് നിർമാണത്തിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്ന് വി.എസ് അച്യുതാനന്ദൻ എം.എൽ.എയുടെ പ്രതിനിധി എം.അനിൽകുമാർ ആവശ്യപ്പെട്ടു.
ഫേട്ടോ (2): കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ ഡി. ബാലമുരളിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ വികസന സമിതി യോഗം