പാലക്കാട്:സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി തോന്നിയ പോലെ പെർമിറ്റുകൾ അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് സംഘടനകളുടെ സംയുക്ത സമര സമിതി കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് മാർച്ച് നടത്തി. കെ.എസ്.ആർ.ടി.സി റൂട്ടുകളിൽ സമയനിഷ്ഠത പാലിക്കുക, വിദ്യാർഥികൾക്ക് സൗജന്യമായി യാത്ര അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച നാലിന് നടക്കുന്ന സ്വകാര്യ ബസ് പണിമുടക്കിന് മുന്നോടിയായിരുന്നു മാർച്ച്.
സംയുക്ത സമരസമിതി ചെയർമാൻ ടി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് കെ.എ.ബഷീർ അധ്യക്ഷത വഹിച്ചു. കെ.സത്യൻ, വിദ്യാധരൻ, രവീന്ദ്രകുമാർ സംസാരിച്ചു.
മുള്ളൻപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു
മംഗലംഡാം: റബർ തോട്ടത്തിൽ ടാപ്പിംഗിന് പോയ വയോധികന് മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. വി.ആർ.ടി വെട്ടുകല്ലുപുറത്ത് കരുണാകരനാ(63) ണ് പരിക്കേറ്റത്. തന്റെ റബർ തോട്ടത്തിൽ ടാപ്പിംഗ് ജോലി ചെയ്ത് കൊണ്ടിരിക്കെ മുള്ളൻപന്നിയുടെ മുന്നിൽ പെടുകയായിരുന്നു. മുന്നിലകപ്പെട്ട മുള്ളൻപന്നി സ്വയം കുടഞ്ഞതോടെ മൃഗത്തിന്റെ മുള്ളുകൾ കരുണാകരന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഇദ്ദേഹം നാട്ടുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
മലയോര മേഖലയിൽ ടാപ്പിംഗ് ജോലിക്കും മറ്റും അതിരാവിലെ പോകുന്ന ആളുകൾ കാട്ടുമൃഗങ്ങളുടെ മുന്നിലകപ്പെടുന്നത് പതിവായിരിക്കുകയാണ്.