aruvi

പത്തനംതിട്ട: അരുവിക്കുഴിയിലേക്ക് വീണ്ടും അധികൃതരുടെ കണ്ണെത്തുന്നു. സാഹസിക വിനോദസഞ്ചാര പദ്ധതി തുടങ്ങാനാണ് ഇത്തവണ തീരുമാനം. വർഷങ്ങൾക്ക് മുമ്പ് ഇവിടെ ആരംഭിച്ച വിനോദസഞ്ചാര പദ്ധതി വൈകാതെ നിലച്ചിരുന്നു. ഏറെ സാദ്ധ്യതകൾ ഉണ്ടായിട്ടും ബന്ധപ്പെട്ടവരുടെ അവഗണന മൂലം കാടുപിടിച്ചുകിടക്കുകയാണ് ഇവിടം. വല്ലപ്പോഴും ആരെങ്കിലും എത്തിയാലായി.സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ സാദ്ധ്യത പരിശോധിക്കാൻ ജില്ലാ കളക്ടർ പി.ബി നൂഹാണ് ഒരുങ്ങുന്നത്. സാദ്ധ്യതാ പഠനം ഉടൻ നടത്തും.

കോഴഞ്ചേരിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരമേയുള്ളു അരുവിക്കുഴിയിലേക്ക്. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് സ്ഥലം. വെള്ളച്ചാട്ടമാണ് ആകർഷണം. നേരത്തെ വിനോദസഞ്ചാര സാദ്ധ്യതകൾ കണക്കിലെടുത്ത് വിപുലമായ പദ്ധതി ആവിഷ്കരിച്ചതോടെ സഞ്ചാരികളും വന്നുതുടങ്ങിയിരുന്നു. പക്ഷേ പിന്നീട് അധികൃതർ കൈയൊഴിഞ്ഞു.

ഇവിടേക്കുള്ള വഴി പോലും ഇപ്പോൾ കാടുകയറി കിടക്കുകയാണ്. ഒന്നര ഏക്കറിലധികം പുറമ്പോക്ക് ഭൂമിയുണ്ട്. ചിലർ സ്ഥലം കൈയേറിയതായി പരാതിയുണ്ട്.

-------------------

കാടുമൂടി പഴയ പദ്ധതി

1996ൽ കടമ്മനിട്ട രാമകൃഷ്ണൻ എം.എൽ.എ ആയിരുന്നപ്പോഴാണ് അരുവിക്കുഴി ടൂറിസം പദ്ധതി ആരംഭിച്ചത്. പക്ഷേ തുടർനടപടി നിലച്ചു. പിന്നീട് ഇവിടെ ബിയർ പാർലർ തുടങ്ങാൻ പന്തളം സ്വദേശി ശ്രമിച്ചെങ്കിലും സർക്കാർ അനുമതി നൽകിയില്ല 2006ൽ എം.എൽ.എ ആയിരുന്ന കെ.സി. രാജഗോപാലൻ പദ്ധതിയുമായി മുന്നോട്ടുപോയി. സഞ്ചാരികൾക്ക് താമസിക്കാൻ ചൈനീസ് ഹട്ട് നിർമ്മിച്ചു. എല്ലാ സൗകര്യങ്ങളുമുള്ള മുറികളും കാന്റീനും ഉണ്ടായിരുന്നു. 37 ലക്ഷം രൂപയോളം പദ്ധതിക്കായി ചെലവഴിച്ചു. പക്ഷേ ഭരണം മാറിയതോടെ തുടർപ്രവർത്തനങ്ങൾ നിലച്ചു.

----------------------

സാഹസിക വിനോദസഞ്ചാര പദ്ധതിക്കായി സാദ്ധ്യതാ പഠനം ഉടൻ നടത്തും. കുമ്പഴയിൽ മറ്റൊരു ടൂറിസം പദ്ധതി വിലയിരുത്താൻ അടുത്തയാഴ്ചയെത്തുന്ന സംഘത്തെ അരുവിക്കുഴിയിലേക്കും അയയ്ക്കും

കളക്ടർ പി.ബി നൂഹ്

--------------------

കോഴഞ്ചേരിയിൽ നിന്ന് 5 കിലോമീറ്റർ ദൂരം