1

കടമ്പനാട് : സർക്കാരിന്റെയും ത്രിതലപഞ്ചായത്തുകളുടെയും സഹായത്തോടെ ജില്ലയിൽ നെൽകൃഷി വ്യാപനത്തിനുള്ള ശ്രമങ്ങൾ ശക്തമായി നടക്കുമ്പോൾ കാർഷികപെരുമയ്ക്ക് പേരുകേട്ട കടമ്പനാട് നെല്ലിനെ വിസ്മരിക്കുകയാണ്. പല വയലുകളും കളകയറി നശിച്ചു . നെൽവയലുകളിൽ ഏറിയഭാഗവും നികത്തി കരഭൂമിയാക്കിയെങ്കിലും ഇനിയും 50 ഹെക്ടറിലധികം വയലുകൾ ഇവിടെയുണ്ട്.

കൃഷിഭവനുകളുടെ പരിധിയിൽ പത്ത് ഹെക്ടറിൽ കുറയാതെ ഒാരോവർഷവും കൃഷിയിറക്കുമ്പോൾ കടമ്പനാട് ഇത് വെറും രണ്ട് ഹെക്ടറിലൊതുങ്ങുകയാണ്. ഈ വർഷം ഒരു ഹെക്ടർ പോലും നെൽകൃഷിയില്ല. സമൃദ്ധമായി നെല്ല് വിളഞ്ഞിരുന്ന താഴത്തുവയൽ ,നിലമേൽ , കാഞ്ഞിരവയൽ , മണക്കണ്ടം, അവിഞ്ഞിയിൽ , കാരികുഴി , വെള്ളൂർ തുടങ്ങിയ ഏലകളുടെ ഭൂരിഭാഗവും തരിശ് കിടക്കുകയാണ്.

ആവശ്യത്തിന് വെള്ളം കിട്ടാത്തത്, കൂലി വർദ്ധന, കൊയ്യാനും വിതക്കാനും ആളെകിട്ടാത്തത് തുടങ്ങിയ പതിവ് കാരണങ്ങളാണ് കടമ്പനാട്ടെ കർഷകരെയും കൃഷിയിൽ നിന്ന് അകറ്റിയത്.

സർക്കാർ പദ്ധതി നിരവധി

നെൽകൃഷിയിലേക്ക് കർഷകരെ തിരികെകൊണ്ടുവരാൻ പലവിധ പദ്ധതികൾ സർക്കാർ കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി പൂട്ട്കൂലി, നെൽവിത്ത്, വളം,കീടാനാശിനി എന്നിവയെല്ലാം കൃഷിഭവൻ മുഖേന സൗജന്യമാക്കി. ജില്ലയിൽതന്നെ ഗ്രാമപഞ്ചായത്തുകൾ പ്രത്യേകം പദ്ധതിവച്ച് നെൽകൃഷി പ്രോത്സാഹിപ്പിച്ചു. പല പഞ്ചായത്തുകളിലും നെൽകൃഷി പതിൻ മടങ്ങായി വർദ്ധിപ്പിച്ചു. ആറൻമുള, ഇരവിപേരൂർ,കൊടുമൺ തുടങ്ങിയ ഇടങ്ങളിൽ സ്വന്തം ബ്രാൻഡായി അരി വരെ ഇറക്കി.

പദ്ധതി ഉണ്ട്, കൃഷിക്കാരില്ല

വാഴക്കൃഷിയും പച്ചക്കറി കൃഷിയും വ്യാപകമായി ഇവിടെയുണ്ട് . ഈ വർഷവും പഞ്ചായത്ത് നെൽകൃഷി പരിപോഷിപ്പിക്കാൻ പദ്ധതിവച്ചിട്ടുണ്ട് . ഒന്നാംവിള ആരും ചെയ്തിട്ടില്ല. ഒറ്റ അപേക്ഷപോലും ലഭിച്ചിട്ടില്ല. അതേസമയം ഹെക്ടർ കണക്കിന് നെൽവയലുകൾ നികത്തപെട്ടും കളകയറിയും നശിക്കുകയാണ്.


കർഷകരുടെ യോഗം വിളിച്ച് നെൽകൃഷിചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഹായത്തിന് കൃഷിവകുപ്പും പഞ്ചായത്തും സന്നദ്ധമാണെന്ന് അറിയിച്ചതാണ്. പ്രശ്നങ്ങൾ മനസിലാക്കി കൃഷി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

പ്രീജ

കൃഷി ഒാഫീസർ

കൃഷികുറയുന്നതിന് പലവിധ കാരണങ്ങളുണ്ട് . പ്രധാനം ജലസേചന സൗകര്യമില്ലായ്മയാണ് . രണ്ടരകോടി ചെലവിൽ മുട്ടത്ത് മൂലചിറയുടെ നവീകരണം നടക്കുകയാണ് . ഇത് പൂർത്തിയായാൽ നാലുഏലകളിലെ കൃഷിക്ക് സഹായകമാകും.

അനിൽകുമാർ,

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

കടമ്പനാട് ഗ്രാമപഞ്ചായത്ത്