തിരുവല്ല: കുടിവെള്ള വിതരണത്തിനായി പൈപ്പ് സ്ഥാപിച്ച ഇനത്തിൽ ജലവിതരണവകുപ്പ് തിരുവല്ല നഗരസഭയ്ക്ക് നൽകാനുള്ളത് 3.5 കോടി. തിരുവല്ല - ചങ്ങനാശ്ശേരി നഗരസഭയ്ക്കും സമീപമുള്ള പഞ്ചായത്തുകൾക്കും വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിനായി പൈപ്പ് സ്ഥാപിക്കാൻ റോഡ് കുത്തിപ്പൊളിച്ചത് പുനർനിർമ്മിക്കാനാണ് ജല അതോറിറ്റി കോടികൾ നൽകാനുള്ളത്. പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിമുറിച്ച ഭാഗം ടാറിംഗ് നടത്തി പുനർനിർമ്മിച്ച് നൽകണമെന്നാണ് നഗരസഭയും ജലവിതരണവകുപ്പും തമ്മിലുള്ള കരാർ.
ഇതിനായി 6975 മീറ്റർ ദൂരത്തിൽ പൊതുമരാമത്തിന്റെ നിലവിലെ നിരക്കുകൾ പ്രകാരം എസ്റ്റിമേറ്റും നൽകി. എന്നാൽ നിരവധി തവണ യോഗം കൂടിയെങ്കിലും ഈ തുക നൽകുന്നത് സംബന്ധിച്ച് തീരുമാനമായില്ല. കിഫ്ബിയിൽ നിന്ന് റോഡ് റിസ്റ്റോറേഷൻ ഫണ്ട് അനുവദിക്കണമെങ്കിൽ വിശദമായ എസ്റ്റിമേറ്റ് ലഭിക്കേണ്ടതുണ്ട്.
നഗരസഭ റോഡ് റിസ്‌റ്റോറേഷൻ ചാർജ്ജ് ആവശ്യപ്പെട്ട റോഡും ദൂരവും
....................................................................
ബഥനി ആശ്രമം - എസ്.എൻ.വി സ്‌കൂൾ ജംഗ്ഷൻ: 900 മീറ്റർ,
സെന്റ് തോമസ് സ്‌കൂൾ - തോണ്ടറ പാലം വരെ: 1475 മീറ്റർ,
സെന്റ് തോമസ് സ്‌കൂൾ - പൊൻവേലിക്കാവ് വരെ: 1475 മീറ്റർ, പുളിക്കത്തറ കോളനി :180 മീറ്റർ,
എം.സി റോഡ് മുതൽ വെളിയകടവ് വരെ : 1125 മീറ്റർ,
വാഴത്തറ പഴയിടത്ത് റോഡ് : 700 മീറ്റർ,
പായിപ്പാട് മാർക്കറ്റ് - പാലക്കോട്ടൽ റോഡ് : 750 മീറ്റർ,
വരിക്കാട് - വട്ടച്ചുവട് : 190 മീറ്റർ
പൊതുമരാമത്ത് വകുപ്പിന്റെ നിലവിലെ നിരക്കുകൾ കൂടുതലാണെന്നും ഇത്രയും തുക നൽകാനാകില്ലെന്ന നിലപാടിലാണ് ജല അതോറിറ്റി അധികൃതർ. ചിലയിടങ്ങളിൽ കോൺക്രീറ്റ് ചെയ്യാനുള്ള ജല അതോറിറ്റി അധികൃതരുടെ നീക്കം നഗരസഭാ അധികൃതർ എതിർത്തതോടെ പണികൾ നിറുത്തിവച്ചിരിക്കുകയാണ്.
റോഡുകളെല്ലാം തകർച്ചയിൽ
നഗരസഭയുടെ ഉടമസ്ഥതയിലുള്ള പല റോഡുകളും പൈപ്പ് സ്ഥാപിക്കുന്നതിനായി കുത്തിപ്പൊളിച്ച് ഇട്ടിരിക്കുകയാണ്. കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന് നാലുമാസം കൂടി ബാക്കിയുണ്ട്. കൂടുതൽ റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കാനുണ്ട്. അതിനാൽ റോഡുകൾ പുനർനിർമ്മിക്കാൻ കാലതാമസമെടുക്കും. കരാറുകാർക്ക് തോന്നിയപോലെയാണ് പൈപ്പുകൾ സ്ഥാപിച്ചതെന്നും ഇതുകാരണം കൂടുതൽ തകർച്ചയുണ്ടായെന്നും ആക്ഷേപം ശക്തമാണ്.
3.5കോടി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കും
നഗരസഭയുടെ റോഡുകൾ കുഴിച്ചത് പുനർ നിർമ്മിക്കാത്തതിൽ ജനങ്ങളുടെയും കൗൺസിലർമാരുടെയും പ്രതിഷേധം ശക്തമാണ്.
റോഡുകൾ നിർമ്മിക്കാൻ 3.5കോടി ജലവകുപ്പ് നൽകാനുണ്ട്. തുക ലഭിക്കുന്നതിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും.
ചെറിയാൻ പോളച്ചിറയ്ക്കൽ
നഗരസഭാ ചെയർമാൻ