annamma
കണ്ണാടതെക്കേതിൽ വീടിന് മുൻപിൽ അന്നമ്മ

ചെങ്ങന്നൂർ: തോരാതെ പെയ്യുന്ന മഴയിൽ വാഴാർമംഗലം കണ്ണാടതെക്കേതിൽ അന്നമ്മയുടെ മനസിൽ ഒഴുകിയെത്തുന്നത് ഒാർമ്മയുടെ മഹാപ്രളയമാണ്.കഴിഞ്ഞ വർഷത്തെ പ്രളയം കവർന്നെടുത്തത് അന്നമ്മയുടെ മകനെയും ഭർത്താവിനെയും ഭർതൃമാതാവിനെയുമാണ് . അവർ മരിച്ചുവീഴുന്നത് നോക്കിനിൽക്കേണ്ടി വന്നത് ഇന്നും കണ്ണീരുണങ്ങാത്ത വേദനയാണ് അന്നമ്മയ്ക്ക് .

പ്രളയം സംഹാരതാണ്ഡവമാടിയ ചെങ്ങന്നൂരിലെ എറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് വാഴാർമംഗലം. പ്രധാന റോഡിൽ നിന്ന് ഏറെ ഉളളിലായാണ് കണ്ണാടവീട്. പേമാരി ഒട്ടുശമിച്ച ആഗസ്റ്റ് 15നായിരുന്നു അന്നമ്മയുടെ ജീവിതം താളംതെറ്റിയത്. ഭർത്തൃ മാതാവ് ശോശാമ്മ (97), ഭർത്താവ് ബേബി (കെ.ജി വർഗീസ്- 71), മകൻ റെനി (39) എന്നിവരാണ് അന്നമ്മയ്ക്കൊപ്പം ഉണ്ടായിരുന്നത്. ബൈക്ക് അപകടത്തിൽ ശരീരം തളർന്ന് കിടപ്പിലായിരുന്നു റെനി .ഉച്ചയോടെ സമീപത്തുളള വരട്ടാർ കരകവിഞ്ഞു. വീടിന് മുന്നിലുളള ചെറുവഴിയിലേക്ക് വെളളം എത്തിത്തുടങ്ങി. കോൺക്രീറ്റ് വഴിയിൽ നിന്ന് ഏഴടിയിലധികം ഉയരത്തിലാണ് വീട് .വെള്ളം കയറിക്കൊണ്ടിരുന്നെങ്കിലും വീട്ടിലെത്തുമെന്ന് കരുതിയില്ല. പക്ഷേ രാത്രി എട്ടുമണിയോടെ അപകടം മണത്തു.

വെള്ളം വീടിനുളളിലേക്ക് ഇരച്ചെത്തിയതോടെ രക്ഷപ്പെടാൻ വഴിയില്ലാതായി. റെനിയുടെ കട്ടിലിന് മീതെ വെള്ളമെത്തുമെന്നായി. ഇതോടെ അന്നമ്മ മകനെ കൈയ്യിൽ താങ്ങിനിറുത്തി. കടുത്ത പ്രമേഹരോഗിയായ വർഗീസും ശോശാമ്മയും സഹായിച്ചു. നിലവിളിച്ചെങ്കിലും സമീപത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. തണുത്ത വെള്ളത്തിൽ മണിക്കൂറുകൾ നിന്നതോടെ ശോശാമ്മ രാത്രി 12 മണിയോടെ വെളളത്തിലേക്ക് വീണു. പിറ്റേന്ന് രാവിലെ 11 മണിയോടെ ഷുഗർ കുറഞ്ഞ് അവശനായ വർഗീസും വീണു. അപ്പോഴും മകനെ കൈവിടാതെ അന്നമ്മ പിടിച്ചുനിന്നു. ആഹാരവും വെള്ളവുമില്ലാതെ പ്രാർത്ഥനയോടെയുള്ള ആ നിൽപ് മണിക്കൂറുകൾ തുടർന്നു. പ്രമേഹ രോഗിയായ അന്നമ്മയുടെ അരോഗ്യ സ്ഥിതിയും ഉച്ചയോടെ വഷളായി. എപ്പോഴോ ബോധംപോയി. പിടിവിട്ടതോടെ റെനി വെള്ളത്തിലേക്ക് വീണു. ബോധം തെളിഞ്ഞപ്പോഴാണ് മകനും നഷ്ടപ്പെട്ടതറിഞ്ഞത്. രാത്രിയിൽ പ്രളയജലം കോരിക്കുടിച്ച് വീണ്ടും നിലവിളിച്ചു. 17ന് വൈകിട്ട് 4മണിയോടെയാണ് രക്ഷാപ്രവർത്തകർ എത്തി ബോട്ടിൽ കയറ്റി കരയിലെത്തിച്ചത്. ഗുജറാത്തിലുണ്ടായിരുന്ന ഇളയമകൻ ഡേവിഡ് ജോർജ്ജ് എത്തി 25ന് തിരുവോണനാളിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. പിന്നീട് ബന്ധുവീടുകളിൽ കഴിഞ്ഞ അന്നമ്മ അ‌ഞ്ചുമാസത്തിന് ശേഷമാണ് വീട്ടിൽതിരിച്ചെത്തിയത്.

----

പ്രളയത്തിൽ നഷ്ടപ്പെട്ടത് ഭർത്താവിനെയും മകനെയും ഭർത്തൃമാതാവിനെയും