പത്തനംതിട്ട: നഗരത്തിലെ കൃഷ്ണ ജുവലറിയിൽ നിന്ന് നാലു കിലോ സ്വർണവും 13 ലക്ഷം രുപയും കവർന്ന കേസിലെ പ്രതികളുമായി പൊലീസ് മഹാരാഷ്ട്രയിലേക്ക് പോകും. പ്രതികളും ജുവലറി ഉടമയും മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലക്കാരാണ് . കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കുടൂതൽ ചോദ്യം ചെയ്യലിനു ശേഷമാകും മഹാരാഷ്ട്രയിലേക്ക് തിരിക്കുക. രണ്ടാം പ്രതിയായ നിധിൻ ജാദവിന്റെ പേരിൽ ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കേസുകളുണ്ട്. ഇയാൾ മഹാരാഷ്ട്രയിലെ ഗുണ്ടാസംഘത്തിൽപ്പെടുന്ന ആളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.. സുരേഷ് സേട്ടിനെതിരെ മറ്റ് സ്വർണ ബിസിനസുകാരുടെ പങ്കാളിത്തം മോഷണത്തിനു പിന്നിലുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കവർച്ചാ സംഘത്തിലെ പ്രതികൾ പരസ്പരം വിവരങ്ങൾ കൈമാറിയത് മെസഞ്ചറിലൂടെയാണെന്ന് പൊലീസ് പറയുന്നു. ഫോൺ കോളുകൾ ഇവർ അധികം ഉപയോഗിച്ചിട്ടില്ല. അക്ഷയ് പട്ടേൽ ജുവലറിയുടെ ലൊക്കേഷൻ ഫേസ്ബുക്ക് മെസഞ്ചറിലൂടെയാണ് നിധിൻ ജാദവിന് കൈമാറിയത്. പക്ഷെ ഈ വിവരങ്ങൾ ലഭിക്കുക പ്രയാസമേറിയതാണെന്ന് പൊലീസ് പറയുന്നു. മെസഞ്ചറിലെ വിവരങ്ങൾ ലഭിക്കണമെങ്കിൽ ഇവരുടെ ഫോൺ കിട്ടണം. എന്നാൽ ഫോൺ ഇവർ എറിഞ്ഞുകളഞ്ഞെന്നാണ് പൊലീസിന് നൽകിയ മൊഴി. ഫോൺ ലഭിച്ചില്ലെങ്കിൽ ഇവർ അയച്ച സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി ഫേസ്ബുക്കിനെ സമീപിക്കാനാണ് തീരുമാനം.