eecha

മണക്കാല: അടുക്കളയിലെ ഭക്ഷണത്തിലും പാത്രങ്ങളിലും ഇൗച്ച. മുറികളിൽ തങ്ങാൻ ഇൗച്ചയെ വകഞ്ഞ് അകറ്റണം. കുഞ്ഞുങ്ങളുടെ ദേഹത്ത് ഇൗച്ച കുത്തിയതിന്റെ തടിപ്പും ചൊറിച്ചിലും. ഇൗച്ചയെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന വീടുകൾ, കടകൾ....തുവയൂർ തെക്ക് ചിറ്റാണിമുക്ക് പ്രദേശവാസികളുടെ ജീവിതം ദുസഹമായി തുടർന്നിട്ട് മാസങ്ങളായി. ജനവാസ കേന്ദ്രത്തിൽ കോഴിഫാം തുറന്നതോടെയാണ് ഇൗച്ച ശല്ല്യമുണ്ടായത്. ഏകദേശം മുന്നൂറ് മീറ്റർ ചുറ്റളവിലെ വീട്ടുകാരാണ് ഇൗച്ച കാരണം ദുരിതമനുഭവിക്കുന്നത്. ഏറത്ത് പഞ്ചായത്തിന്റെ അനുവാദത്തോടെയാണ് മുന്നൂറോളം കോഴികളുളള ഫാം പ്രവർത്തിക്കുന്നത്. വീടുകൾക്കിടയിൽ നിന്ന് കോഴിഫാം ഒഴിഞ്ഞ പ്രദേശത്തേക്ക് മാറ്റണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉടമയ്ക്ക് മാനംമാറ്റമില്ല. ഇൗച്ച ശല്യം കാരണം ജീവിക്കാൻ പറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രണ്ടു മാസം മുൻപ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. ഏറത്തെ ആരോഗ്യ കേന്ദ്രത്തിലും പഞ്ചായത്തിലും ഗ്രാമസഭയിലും പ്രദേശവാസികൾ പരാതികൾ ഉന്നയിച്ചെങ്കിലും കോഴിഫാം മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടില്ല.

>>>

ചോറിലും കറികളിലും ഇൗച്ച

ഫാമിന് സമീപത്തായി നിരവധി വീടുകളും കടകളുമുണ്ട്. ഇൗച്ചശല്ല്യം കാരണം അടുക്കളയിൽ പാചകം ചെയ്യാൻ പറ്റാതായെന്ന് വീട്ടമ്മമാർ പറയുന്നു. ഭക്ഷണത്തിലും കഴുകി വച്ച പാത്രങ്ങളിലും ഇൗച്ചകൾ കൂട്ടമായി പറന്നിരിക്കുകയാണ്. വിളമ്പി വയ്ക്കുന്ന ചോറിലും കറികളിലും ഇൗച്ചകൾ വന്നിരിക്കുന്നതു കാരണം കഴിക്കാൻ പറ്റാതാകുന്നു.

>>

അംഗൻവാടിക്ക് ഭീഷണി

ഇൗച്ച ശല്ല്യം സമീപത്തെ അംഗൻവാടിയുടെ പ്രവർത്തനത്തെയും പ്രതിസന്ധിയിലാക്കുന്നു. കുട്ടികളുടെ ദേഹത്ത് ഇൗച്ച കുത്തുന്നത് കാരണം തടിച്ച പാടുകളും ചൊറിച്ചിലുമുണ്ട്. കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണത്തിലും ഇൗച്ചകൾ പറന്നു വീഴുന്നു. ഇൗച്ച ഭയം കാരണം അംഗൻവാടികളിലേക്ക് കുട്ടികളെ വിടാത്തവരുമുണ്ട്. 15 കുട്ടികളാണ് അംഗൻവാടിയിലുളളത്.

>>

രോഗികൾക്ക് ശ്വാസംമുട്ടൽ

ഇൗച്ചകൾ പെരുകിയതിനെ തുടർന്ന് നാട്ടുകാർ പരാതിപ്പെട്ട ശേഷം ആരോഗ്യവകുപ്പ് അധികൃതർ പ്രദേശത്ത് ശുദ്ധീകരണ ലായനി തളിച്ചത് രോഗികൾക്ക് വിനയായി. കാൻസർ, കിഡ്നി രോഗികൾക്കും ഹൃദയാഘാതത്തെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞവർക്കും ശ്വാസംമുട്ടലും അലർജിയുമുണ്ടായി. ലായനിയുടെ ഗന്ധവും ഫാമിൽ നിന്നുളള ദുർഗന്ധവും തനിക്ക് ശ്വാസം മുട്ടലുണ്ടാക്കിയതായി ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സമീപവാസിയായ കുട്ടൻപിളള പറഞ്ഞു.

>>

പഞ്ചായത്തിന് മൗനം

ആറ് മാസം മുൻപ് ഏറത്ത് പഞ്ചായത്തിന്റെ അനുമതിയോടെയാണ് ഫാം തുടങ്ങിയത്. മലിനീകരണ പ്രശ്നമുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും ഫാമിന് ലൈസൻസ് കൊടുത്തതെങ്ങനെയെന്ന ചോദ്യത്തിന് പഞ്ചായത്ത് അധികൃതർക്ക് ഉത്തരമില്ല. കോഴി, പന്നി ഫാമുകൾ, ചെറുകിട സംരംഭങ്ങൾ തുടങ്ങിയവയ്ക്ക് ലൈസൻസ് കൊടുക്കുന്നതിന് പരിസരവാസികളുടെ എതിർപ്പില്ലെന്ന സർട്ടിഫിക്കറ്റ് വേണം. ഇതില്ലാതെയാണ് ചിറ്റാണിമുക്കിലെ ഫാമിന് ലൈസൻസ് കൊടുത്തതെന്ന് ആക്ഷേപമുണ്ട്.

>>

" വീടുകൾക്കടുത്ത് കോഴിഫാം പ്രവർത്തിക്കുന്നത് കാരണം ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പലയിടത്തും പരാതിപ്പെട്ടിട്ടും നടപടിയില്ല. ഇനി പഞ്ചായത്ത് പടിക്കൽ സമരം ഇരിക്കേണ്ടിവരും.

കെ.വി.ഭാസ്കരൻ, നാട്ടുകാരൻ.

>>

"കോഴിഫാം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നത് ശരിയാണ്. പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ട്. പുതുക്കാനുളള അപേക്ഷയിൽ നടപടിയെടുത്തിട്ടില്ല. നാട്ടുകാരുടെ ആവശ്യം പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കും.

ബാബുചന്ദ്രൻ, പ്രദേശത്തെ ഗ്രാമ പഞ്ചായത്തംഗം.

>>

"ഫാമിലെ മാലിന്യത്തിൽ നിന്നുളള ഇൗച്ച ദേഹത്തും ഭക്ഷണത്തിലും വന്നിരുന്നാൽ ടൈഫോയിഡ്, കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ), അലർജി എന്നീ രോഗങ്ങൾക്ക് കാരണമാകും.

ഡോ. ആശിഷ് മോഹൻകുമാർ,

ആർ.എം.ഒ പത്തനംതിട്ട ജനറൽ ആശുപത്രി.