image

പത്തനംതിട്ട : ഹലോ...ഹലോ.. കേൾക്കാമോ ... എപ്പോൾ ഫോൺ വിളിച്ചാലും പരിധിക്ക് പുറത്താണ് കോട്ടമൺ പാറ ഗ്രാമം. മൂന്ന് കിലോ മീറ്റർ അകലെ ടവറുണ്ടെങ്കിലും കോട്ടമൺ പാറ നിവാസികൾക്ക് ഫോണിന് റേഞ്ചില്ല. ബി.എസ്.എൻ.എൽ, എയർടെൽ, ജിയോ എന്നിവ പൂർണമായും സിഗ്നൽ കാണിക്കാറില്ല. ഐഡിയ, വോടഫോൺ എന്നിവ കുറച്ച് നേരം കിട്ടും. അതും വല്ലപ്പോഴും.

സീതത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഇരുന്നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന വനത്തോട് ചേർന്നു കിടക്കുന്ന ഉയർന്ന പ്രദേശമാണിത്. കൂടുതലും കൃഷിക്കാരും സാധാരണക്കാരുമാണ്.

മൂന്ന്, അഞ്ച് കിലോമീറ്ററിനുള്ളിൽ ഐഡിയയുടേയും വോടഫോണിന്റെയും ടവറുകൾ ഉണ്ട്. പക്ഷെ കോട്ടമൺപാറക്കാർ ഫോൺ വിളിക്കണമെങ്കിൽ അല്പം ബുദ്ധിമുട്ടണം.

നാട്ടുകാർ പലതവണ കസ്റ്റമർ ഓഫീസിൽ പരാതി നൽകിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. ഒരുവർഷത്തിലേറെയായി സിം കാർഡിന് റേഞ്ചില്ലാതെ ആയിട്ട്. നിരവധി പ്രോഫഷണൽ, കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ ഉള്ള സ്ഥലമാണിത്. ഫോണിൽ നെറ്റ് ഉപയോഗിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.

മൊബൈൽ ഫോണുകൾക്ക് റേഞ്ച് ഇല്ല,

200ൽ അധികം കുടുംബങ്ങൾ ദുരിതത്തിൽ

റേഞ്ചില്ലാതായിട്ട് 1 വർഷം

" കുറേയായി ഫോണിന് റേഞ്ചില്ല. പലപ്പോഴായി പരാതി നൽകിയിട്ടും ഒരു കമ്പനിയും തിരിഞ്ഞു നോക്കിയിട്ടില്ല. 2ജി ചിലപ്പോൾ രണ്ട് സിഗ്നൽ ബാർ കാണിക്കാറുണ്ട്. 4 ജി ഒട്ടും കിട്ടാറില്ല. ചിറ്രാറിലെ ഐഡിയ കസ്റ്റമർ കെയർ ഓഫീസിൽ പരാതി നൽകിയതാണ്. ആറേഴ് വർഷം മുമ്പ് വാലുപാറയിൽ ടവർ വന്നപ്പോൾ നല്ല റേഞ്ച് കിട്ടുമായിരുന്നു. ഇപ്പോൾ കോൾ പോലും കണക്ടാവില്ല.

ജിഷ്ണു (കോട്ടമൺപാറ നിവാസി.

എൻജിനീയറിംഗ് വിദ്യാർത്ഥി)

രോഗമൊക്കെ വന്നാൽ ഒരു വാഹനം വിളിക്കാൻ പോലും സാധിക്കാറില്ല. ഈ കാലത്തും ഇങ്ങനെയൊക്കെ ഉണ്ടാകുമോ. പരാതി പറഞ്ഞു മടുത്തു. എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കാർക്കും അറിയത്തില്ല. ഇനി ആരോടാണ് പരാതിപ്പെടേണ്ടതെന്നും അറിയില്ല.

മോഹനൻ (കോട്ടമൺ പാറ സ്വദേശി)