waste

പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാലിന്യക്കുളം

തിരുവല്ല: ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കുന്ന പഞ്ചായത്ത് അധികൃതരുടെ കൺമുന്നിൽ മാലിന്യങ്ങൾ കെട്ടിക്കിടന്നിട്ടും നടപടിയില്ല. പെരിങ്ങര പഞ്ചായത്ത് ഓഫീസിന് സമീപം സ്വകാര്യ ഭൂമിയിലെ കുളത്തിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി രൂക്ഷ ദുർഗന്ധം വമിക്കുകയാണ്. കാവുംഭാഗം - മേപ്രാൽ റോഡരികിലുള്ള മാലിന്യ കുളത്തിനു ചുറ്റുപാടും നിരവധി വീടുകളുമുണ്ട്. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയാകേണ്ടവർ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനത്തിൽ പ്രതിഷേധം ശക്തമാണ്. വർഷംതോറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന കോടിക്കണക്കിന് രൂപയാണ് മാലിന്യ നിർമ്മാർജ്ജനത്തിനായി സർക്കാർ ചെലവഴിക്കുന്നത്. എന്നാൽ ഇവിടെ കൊതുകും കൂത്താടികളും കുളത്തിൽ പെരുകാനുള്ള വഴിയൊരുക്കുകയാണ് അധികൃതർ. സാമൂഹ്യവിരുദ്ധർ രാത്രിയിൽ വാഹനങ്ങളിലെത്തി ഇവിടെ മാലിന്യം തള്ളാറുണ്ട്. ഫ്‌ളാറ്റുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഇവിടെ മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഏറെക്കാലമായി മാലിന്യം കെട്ടിക്കിടന്നിട്ടും ഇത് നീക്കം ചെയ്യാൻ ആരോഗ്യ പ്രവർത്തകർ രംഗത്തെത്തിയിട്ടില്ല. ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.

പഞ്ചായത്ത് ഓഫീസിന് സമീപം കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും.

ഏലിയാമ്മ തോമസ്,

പഞ്ചായത്ത് പ്രസിഡന്റ്