police

ചെങ്ങന്നൂർ: വഴിവക്കിൽ നിന്ന് കിട്ടിയ പണവും ബാങ്ക് രേഖകളും അടങ്ങിയ പഴ്സ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഉടമയെ കണ്ടെത്തി മടക്കി നൽകിയ ചില്ലറ ലോട്ടറിവില്പനക്കാരനായ റെജി മാതൃകയായി. ആറാട്ടുപുഴ തരംഗത്തിലെ സന്നദ്ധ പ്രവർത്തകനായ കല്ലിശ്ശേരി പ്രയാർ ഇളയിടത്തുശ്ശേരിൽ ഇ.എ.തോമസിന്റെ 5000 രൂപയും ബാങ്ക് പാസ്ബുക്കുമാണ് ചെങ്ങന്നൂർ മാർക്കറ്റ് റോഡിൽ ഇന്നലെ രാവിലെ നഷ്ടപ്പെട്ടത്. മകന്റെ അക്കൗണ്ടിൽ പണമിടാൻ തോമസ് ബാങ്കിലേക്ക് പോകുകയായിരുന്നു. പണം നഷ്ടപ്പെട്ട തോമസ് പരിഭ്രാന്തനായി അന്വേഷിച്ച് നടക്കുമ്പോഴാണ് തിരുവനന്തപുരത്തുള്ള മകൻ വിളിച്ച് പണവും പാസ് ബുക്കും പൊലീസ് സ്റ്റേഷനിൽ കിട്ടിയെന്നറിയിച്ചത്. ലോട്ടറി വിൽപ്പനക്കാരനായ കുളനട സ്വദേശി റെജിയ്ക്കാണ് ഫുട്പാത്തിൽ പഴ്സ് ലഭിച്ചത്. ഉടൻ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ബാങ്ക് പാസ് ബുക്കിലെ തോമസിന്റെ മകന്റെ ഫോൺ നമ്പരിൽ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർ എം. സുധിലാൽ പണവും പാസ് ബുക്കും റെജിയുടെ സാന്നിദ്ധ്യത്തിൽ തോമസിന് കൈമാറി.