പന്തളം : കൃഷിയിൽ ആര്യാട്ട് നാരായണൻ പുലി തന്നെ. 85-ാം വയസിലും ചേറിന്റെ ഗന്ധമാണ് ഇദ്ദേഹത്തിന് ഇഷ്ടം. പന്തളം തെക്കേക്കര പഞ്ചായത്തിലെ മല്ലിക ആര്യാട്ട് (ആറ്റുവാശേരി) നാരായണൻ ഭഗവതിയപ്പുറം പാടശേഖരത്തിലെ 11ഏക്കറിലാണ് വിവിധയിനത്തിൽപ്പെട്ട നെൽകൃഷി ചെയ്യുന്നത്. മിക്ക പണികൾക്കും തൊഴിലാളികളെ ആശ്രയിക്കാറില്ല ഇദ്ദേഹം.വരമ്പ് വെട്ട്,വിത,വളംചേറൽ മുതലായവ സ്വന്തമായി ചെയ്യുന്നതിനാണ് താല്പര്യം. ഒരേക്കറിൽ കൃഷിചെയ്യുന്നതിന് സ്വന്തം അദ്ധ്വാനവും സർക്കാർ നൽകുന്ന സഹായത്തിനും പുറമേ മുപ്പതിനായിരത്തിലേറേ രൂപ ചെലവാകും.
ഇപ്പോൾ കൃഷി ചെയ്യുന്നത്
രക്തശാലി, ഞവര, ബസുമതി ഇനത്തിൽപ്പെട്ട നെല്ലാണ് ഇപ്പോൾ കൃഷി ചെയ്തിട്ടുള്ളത്. രക്തശാലിയും ഞവരയും ഔഷധഗുണമുള്ളതാണ്. ഇവയുടെ അരി ആഹാരത്തിലും മറ്റും ഉൾപ്പെടുത്തി കഴിച്ചാൽ കാൻസറിനെ ചെറുക്കുന്നതിനും യൗവനം നിലനിർത്തുന്നതിന് ഉതകുമെന്നാണ് ആയുർവേദ ചികിത്സാരംഗത്തുള്ളവർ പറയുന്നത്. ഞവര നെല്ല് ആരാധനാലയങ്ങളുടെ താഴികകുടത്തിൽ നിറയ്ക്കുന്നതിനും ഉപയോഗിക്കാറുണ്ട്. നെല്ല് തവിടുകളയാതെ കുത്തി ആവശ്യക്കാർക്ക് നൽകുന്നുണ്ട്.
വിവിധഇനം കാർഷിക വിളകൾ വേറെ
വാഴ, കപ്പ, പടവലം, പാവൽ, പയർ, ചീര, വെണ്ട, മുളക് തുടങ്ങി വിവിധയിനം കാർഷിക വിളകളും കൃഷിചെയ്യുന്നുണ്ട്. മണ്ണിര സൗഹൃദ കൃഷിയാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിന്റെ ആവശ്യത്തിനായി വെച്ചൂർ പശുവിനെയും വളർത്തുന്നു.
പൂർണമായും ജൈവ കൃഷി
ജൈവകൃഷി രീതിയാണ് പൂർണമായും സ്വീകരിക്കുന്നത്. തണ്ടുതുരപ്പൻ, ഓലചുരുട്ടി പുഴുക്കളുടെ ശല്യം ഇല്ലാതാക്കാൻ ഗാന്ധി സേവാഗ്രാമിന്റെ ഡ്രൈകോ കാർഡാണ് ഉപയോഗിക്കുന്നത്. ജീവാമൃതവും നാടൻ പശുവിന്റെ ചാണകവുമാണ് വളമായി ഉപയോഗിക്കുന്നത്. ചാഴിയെ തുരത്താൻ മത്തി വാങ്ങി അഞ്ച് ദിവസം വെള്ളത്തിലിട്ട് അഴുക്കി ഇത് പൂർണമായും ഉടച്ചുചേർത്ത് നെല്ലിന് തളിക്കുന്നു. 1954 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാണ്. ആർ.ടി.ഐ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, പ്രകൃതിജീവനസമിതി, യുക്തിവാദസംഘം, സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ എന്നിവയുടെ ജില്ലാകമ്മിറ്റിയംഗം, കിസാൻ സഭയുടെ കമ്മിറ്റിയംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.
കൃഷിക്ക് ഇറങ്ങുമ്പോൾ ഇന്നും യുവത്വത്തിന്റെ പ്രസരിപ്പാണ് തോന്നുന്നത്. നഷ്ടങ്ങൾ നോക്കാറില്ല. ഇനി തുടരും.
ആര്യാട്ട് നാരായണൻ