പഴകുളം: സംസ്ഥാന പാതയായ കെ.പി.റോഡരുകിൽ പതിനാലാംമൈൽ ജംഗ്ഷന് സമീപം ദ്രവിച്ച് തുടങ്ങിയ ആഞ്ഞിലിമരം അപകട ഭീഷണിയിൽ. നൂറ് വർഷത്തിലേറെ പഴക്കമുള്ള മരത്തിന്റെ ചുവട് ഭാഗത്തിന് കുറച്ച് മുകളിൽ മുതൽ ശിഖരം തുടങ്ങുന്ന ഭാഗം വരെയാണ് തടി ദ്രവിച്ചിരിക്കുന്നത്. കെ.പി.റോഡിൽ രാപകൽ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങളാണ് പോകുന്നത്. ചെറിയ കാറ്റടിച്ചാൽപോലും വടവൃക്ഷം നിലംപൊത്താനുള്ള സാദ്ധ്യതയുണ്ട്. സ്‌കൂൾ കുട്ടികൾ ഉൾപ്പടെ നിരവധിപേരാണ് ഈ മരത്തിന് സമീപത്ത്കൂടി പോകുന്നത്. ദ്രവിച്ച് ഒടിഞ്ഞ് വീഴാറായ മരം മുറിച്ച് നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.