1
പഴകുളത്തെ മാക്രിയില്ലാകുളം...

പഴകുളം: ഐതിഹ്യകഥകളിൽ മാക്രിയില്ലാകുളമെന്ന് സ്ഥാനംപിടിച്ച നൂറ്റാണ്ടുകളുടെ പഴക്കമുള്ള പഴകുളത്തെ പഴയകുളം സംക്ഷണമില്ലാതെ നശിക്കുന്നു. പഴകുളം ജംഗ്ഷന് കിഴക്ക് കെ.പി റോഡരുകിലാണ് പഴയകുളം. കൊടും വനപ്രദേശമായിരുന്നകാലത്ത് കുളത്തിൽ ഏതോ മുനിവര്യൻ കാലുകഴുകാൻ ഇറങ്ങിയെന്നും ആ സമയം മാക്രികൾ കൂട്ടക്കരച്ചിൽ നടത്തി ശല്യപെടുത്തിയെന്നും ശല്യം സഹിക്കാൻ കഴിയാതെ മുനി മാക്രികളെ ശപിച്ചെന്നും അന്നുമുതൽ കുളത്തിൽ മാക്രിയില്ലാതായതെന്നുമാണ് ഐതിഹ്യം. ഇന്നും മഴക്കാലത്ത് ഈ കുളത്തിൽനിന്നും മാക്രികളുടെ ശബ്ദംകേൾക്കുന്നില്ലന്നാണ് സമീപവാസികളുടെയും സാക്ഷ്യം. ഏതായാലും മാക്രിയില്ലാത്തതുകൊണ്ടല്ല ഇന്നിവിടെ കൊതുകുവളരുന്നത്. നാട്ടിലെ മുഴുവൻ മാലിന്യങ്ങളും കവറിൽകെട്ടി ഈ കുളത്തിൽ വലിച്ചെറിയുകയാണ്. കുളത്തിന്റെ നാലുവശവും കാട് വളർന്ന് ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുന്നു. 75 സെന്റിലധികം വരുന്നസ്ഥലത്താണ് കുളമുണ്ടായിരുന്നത്. ഇന്നത് 40 സെന്റിൽ താഴെമാത്രമാണുള്ളത്.

കാർഷികാവശ്യത്തിനും ഉപയോഗിച്ചിരുന്നു

പഴകുളത്തിന്റെ നാലുകിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ കുളിക്കാനും നനയ്ക്കാനും കാർഷികാവിശ്യത്തിനും ഉപയോഗിച്ചിരുന്നതും ഈ കുളമാണ്. 2004ൽ പയ്യനല്ലൂർ വാട്ടർഷെഡ് പദ്ധതിയിൽപെടുത്തി കുളം നവീകരിച്ചു. നാലു അരികുകളും കരിങ്കല്ല് കൊണ്ട് സംരക്ഷണഭിത്തികെട്ടി. കിഴക്കുവശത്തുനിന്നും പടിഞ്ഞാറുവശത്തുനിന്നും കുളത്തിലേക്കിറങ്ങാൻ കല്പടവുകളും നിർമ്മിച്ചു. തെക്ക് വശത്തായി ചെറിയഷട്ടർ സ്ഥാപിച്ച് വെള്ളം യഥേഷ്ടം കാർഷികാവിശ്യത്തിനായി തുറന്നുവിടാനും സൗകര്യമൊരുക്കി. ഇന്ന് വെള്ളംഒഴുകിപോകാൻ കൈതോടുകൾ എവിടെയാണന്ന് തിരയേണ്ട അവസ്ഥയാണ്. സമീപവാസികളുടെ പുരയിടത്തിൽകൂടിവേണം കുളത്തിലേക്കിറങ്ങാൻ. ഇവിടെയെല്ലാം കാട് പിടിച്ച് കിടക്കുകയാണ്.

പഴകുളത്തെ ഈ പഴയകുളം

പൊതുജലാശയങ്ങൾ നശിപ്പിക്കുന്നവർക്കെതിരെയുള്ള നടപടികൾ കടലാസിൽ ഉറങ്ങുമ്പോൾ ചരിത്രവും പഴമയും പേറുന്ന ജലാശയങ്ങൾ നശിച്ചുകൊണ്ടിരിക്കുമെന്നതിന് തെളിവാണ് പഴകുളത്തെ പഴയകുളത്തിന്റെ അവസ്ഥ. മാലിന്യങ്ങൾ ചീഞ്ഞ് നാറി ദുർഗന്ധവും വമിച്ച് കൊതുകുപെരുകി പരിസരവാസികളുടെ ജീവന് ഭീക്ഷണിയായിരിക്കുകയാണ് .കുളം സംക്ഷിക്കുന്നതിനുള്ള നടപടിസ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

പഴകുളം എന്ന പേരിന് തന്നെ നിദാനമായത് പഴകുളത്തെ ഈ പഴയകുളമാണ്. ഇന്ന് പകർച്ചവ്യാധികൾ ഉത്പാദനകേന്ദ്രമായി ഈ കുളം മാറി ഈ കുളം സംക്ഷിക്കാൻ അടിയന്തിരനടപടിസ്വീകരിക്കണം.

വിത്സൺ

(മുൻ ഗ്രാമപഞ്ചായത്തംഗം)

-കുളം 40 സെന്റിൽ

-കുളത്തിന് കൈത്തോടുകളില്ല

-ചുറ്റും കാടുപിടിച്ച നിലയിൽ