kodiyeri-balakrishnan

പത്തനംതിട്ട : മാദ്ധ്യമപ്രവർത്തകൻ ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആക്ഷേപങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം കോന്നി നിയോജക മണ്ഡലം ശില്പശാലയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികൾ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. ഉന്നതർക്ക് എന്തും ചെയ്യാം എന്ന സ്ഥിതി ഉണ്ടായിക്കൂടാ. ഇത്തരം സംഭവങ്ങളിൽ പൊലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

ഇതുമായി ബന്ധപ്പെട്ട് പലരുടെയും മുഖംമൂടി വലിച്ചു കീറപ്പെട്ടു എന്നത് സംഭവത്തിന്റെ മറ്റൊരു വശമാണ്. ഏതെല്ലാം വിധത്തിലാണ് ഇത്തരം സ്വഭാവമുള്ള ആളുകൾ സമൂഹത്തിൽ വീരപുരുഷന്മാരായി മാറുന്നത്. സോഷ്യൽ മീഡിയ അടക്കമുള്ള മാദ്ധ്യമങ്ങളിൽ കൂടി നമുക്കത് അറിയാം.

ഡൽഹിയിൽ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി എ. സമ്പത്തിനെ നിയമിച്ചത് സർക്കാരിന്റെ കാര്യങ്ങൾ കാര്യക്ഷമമായി നടത്താനാണ്. സംസ്ഥാനത്തിന് കിട്ടേണ്ട പല പദ്ധതികളും നേടിയെടുക്കാൻ കേരളഹൗസിലെ ഉദ്യോഗസ്ഥരുടെ ഇടപെടൽകൊണ്ടു മാത്രം കഴിയില്ല എന്നാണ് അനുഭവം. യു.ഡി.എഫിന്റെ കാലത്തും ഒരാളെ നിയമിക്കാൻ ആലോചിച്ചെങ്കിലും അവർ തമ്മിലുള്ള തർക്കംമൂലം നടന്നില്ല. എന്നിട്ട് എൽ.ഡി.എഫിനെതിരെ ആക്ഷേപം ഉന്നയിക്കുകയാണ്. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനത്ത് നിന്നും ഡൽഹിയിൽ ഇത്തരത്തിൽ ആളുകളെ നിയമിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ഇത്തരത്തിൽ നിയമിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.