കോഴഞ്ചേരി : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്കാലത്തിന് ഇന്ന് രാവിലെ 11 ന് തുടക്കമാകും. വള്ളസദ്യകളുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.എസ്.എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ നിർവഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ജില്ലാ കളക്ടർ പി.ബി. നൂഹ് തുടങ്ങിയവർ പങ്കെടുക്കും. ചെറുകോൽ, കോഴഞ്ചേരി, പ്രയാർ, തെക്കേമുറി, പുന്നംതോട്ടം, വെൺപാല, ഓതറ, നെടുംപ്രയാർ എന്നീ എട്ട് പള്ളിയോടങ്ങൾക്കാണ് ആദ്യ ദിവസം വള്ളസദ്യ നടക്കുന്നത്.
വഴിപാട് വള്ളസദ്യകൾ 430 പിന്നിട്ടു
ഇതുവരെയുള്ള 430ഒാളം വള്ളസദ്യകൾ നടന്നു. പ്രളയം മൂലം കഴിഞ്ഞ വർഷം വള്ളസദ്യയ്ക്ക് എത്താൻ കഴിയാത്തവരും ഇത്തവണ വഴിപാടിനായി പള്ളിയോട സേവാസംഘത്തിൽ ബുക്ക് ചെയ്തിട്ടുണ്ട്. പതിനായിരം രൂപയാണ് ബുക്കിംഗ് തുക. സദ്യ ഒരുക്കുന്നതിനായി 15 കരാറുകാരുടെ അംഗീകൃത പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് തുടർ ദിവസങ്ങളിൽ സദ്യ ലഭിക്കാത്ത തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പാചകക്കാർക്കും തൊഴിലാളികൾക്കും വിശ്രമം ലഭിക്കുന്നതിനും മെച്ചപ്പെട്ട സേവനം വഴിപാട് കാർക്ക് ലഭിക്കുന്നതിനുമാണ് ക്രമീകരണം.
ഹരിത ചട്ടങ്ങൾ
എല്ലായിടങ്ങളിലും ഹരിത ചട്ടങ്ങൾ നടപ്പാക്കാൻ പള്ളിയോട സേവാസംഘം ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാർബൺ മാലിന്യം പുറന്തള്ളുന്നത് കുറയ്ക്കാനായി പാചകവാതകം ഉപയോഗിക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നിനായി അവയുടെ ഉപയോഗം കുറയ്ക്കാനും നിർദേശം നൽകി.