ഇലന്തൂർ: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും ഗ്രാമവികസന വകുപ്പും ചേർന്ന് നടത്തുന്ന ജില്ല തൊഴിൽ പരിശീലന കേന്ദ്രത്തിന് (ആർ.എസ്.ഐ.ടി.സി) ഇലന്തൂരിൽ കെട്ടിടം നിർമിക്കും. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലം സൗജന്യമായി നൽകി. രണ്ട് കോടി രൂപയാണ് നിർമ്മാണ ചെലവ്.

ഒരു കോടി രൂപ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും ബാക്കി ജില്ലയിൽ പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള എ​സ്.ബി.ഐയുമാണ് ചെലവഴിക്കുന്നത്.

ഇപ്പോൾ പത്തനംതിട്ടയിലെ വാടക കെട്ടിടത്തിലാണ് തൊഴിൽ പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നത്. സ്വന്തമായി കെട്ടിടം ഉണ്ടാകുന്നതോടെ 30 പേർക്ക് താമസിച്ച് തൊഴിൽ പരിശീലനം നേടാനാകും.10 ദിവസം മുതൽ 30 ദിവസം വരെയാണ് പരിശീലനത്തിന്റെ കാലാവധി. 45 വയസിൽ താഴെയുളള സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രവേശനം ലഭിക്കും. ബി.പി.എൽ വിഭാഗങ്ങൾക്ക് മുൻഗണനയുണ്ട്. സ്ഥലം നൽകിയതിനുള്ള അനുമതി ജില്ലാ കളക്ടറിൽ നിന്ന് ലഭിച്ചാൽ കെട്ടിടം നിർമാണം ആരംഭിക്കും.

2 കോടി രൂപയാണ് നിർമ്മാണ ചെലവ്

പാവ നിർമ്മാണം, പഴവർഗ സംസ്‌കരണം, ഫാഷൻ ഡിസൈനിംഗ്, കേറ്ററിംഗ്, ആഭരണ നിർമ്മാണം, ടെയ്ലറിംഗ്, കാറ്ററിംഗ്, ബാഗ്, മെഴുകുതിരി നിർമാണം തുടങ്ങി നിരവധി തൊഴിലുകൾക്കാണ് സൗജന്യമായി പരിശീലനം നൽകുന്നത്.

'' തൊഴിൽ പരിശീലന കേന്ദ്രത്തിന് ബ്ളോക്ക് പഞ്ചായത്ത് സ്ഥലം സൗജന്യമായി വിട്ടു നൽകുകയായിരുന്നു. ജില്ലയുടെ എല്ലാഭാഗത്തു നിന്നുളളവർക്കും എത്തിച്ചേരാനുളള സൗകര്യമുണ്ടാകും. തൊഴിൽ പരിശീലന കേന്ദ്രം ഇലന്തൂരിന്റെ വികസനത്തിന് മുതൽക്കൂട്ടാകും.

എം.ബി.സത്യൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്.

''

പരിശീലനം ലഭിച്ചവർക്ക് തൊഴിൽ ഉറപ്പു വരുത്തുന്നതിന് ശ്രമിക്കും. സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് സ്വന്തമായി സംരംഭം തുടങ്ങാൻ മുദ്രാ ലോൺ ലഭിക്കും.

വി.വിജയകുമാരൻ, ജില്ലാ ലീഡ് ബാങ്ക് മാനേജർ

(തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ലെയ്സൺ ഒാഫീസർ)