തിരുവല്ല: പുത്തനാർ ബണ്ട് നിവാസികളെ ഭയാശങ്കയിലാക്കി പമ്പയാറിന്റെ തീരം ക്രമാതീതമായി ഇടിഞ്ഞുതാഴുന്നു. കടപ്ര പഞ്ചായത്തിൽ നാലാം വാർഡിൽ വളഞ്ഞവട്ടം കിഴക്ക് നേതാജി ക്ലബിന് പിന്നിലെ ബണ്ട് നിവാസികളായ 12 കുടുംബങ്ങളാണ് തീരം ഇടിഞ്ഞുതാഴുന്നത് മൂലം ആശങ്കയിലായിരിക്കുന്നത്. പുത്തനാറിന്റെ കരയിൽ 60 അടി മാത്രം വീതിയുള്ള ബണ്ടിലാണ് പതിറ്റാണ്ടുകളായി ഇത്രയും കുടുംബങ്ങൾ ജീവിക്കുന്നത്. ബണ്ട് നിവാസിയായ വരമ്പിനകത്ത് മാലിയിൽ നരേന്ദ്രന്റെ വീടിന് പിന്നിലായി മൂന്ന് സെന്റോളം വരുന്ന ആറ്റുതീരം ഒരാഴ്ചമുമ്പ് രാത്രിയോടെ ഇടിഞ്ഞു വെള്ളത്തിലായി. ഈഭാഗത്ത് നിന്നിരുന്ന മുളങ്കൂട്ടവും ഇടിഞ്ഞുവീണ ഭാഗത്തെ മണ്ണും കരയിൽ നിന്ന് പത്ത് മീറ്ററോളം നദിയിലേക്കിറങ്ങി തുരുത്തായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഈഭാഗത്ത് വെള്ളത്തിൽ നിന്ന് നുരയും പതയും ഉയർന്നിരുന്നതായി സമീപവാസികൾ പറയുന്നു. ഇതിന് പിന്നാലെയാണ് തീരം ഇടിഞ്ഞത്. സമീപഭൂമിയും ഏത് നിമിഷവും നദിയിലേക്ക് പതിക്കാവുന്ന നിലയിലാണ്. നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ ശക്തമായി ഒഴുക്കുള്ള ഭാഗമാണിത്. പ്രളയത്തെ തുടർന്ന് നദീതീരവും ബണ്ടും അപകടാവസ്ഥയിലാണ്. ഇത്രയേറെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമായിട്ടും ഈഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുവാൻ ഇറിഗേഷൻ വകുപ്പ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പമ്പാ-മണിമല നദികളെ ബന്ധിപ്പിക്കുന്ന പ്രധാന കൈവഴിയായ പുത്തനാറിന്റെ തീരവും സംരക്ഷണമില്ലാതെ ഇടിഞ്ഞുതാഴുന്നുണ്ട്.
മേജർ ഇറിഗേഷൻ വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തനാർ ബണ്ട് അടക്കമുള്ള ജനവാസ കേന്ദ്രങ്ങൾക്ക് സമീപമായുള്ള നദീ തീരങ്ങൾ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ അധികൃതർ തയാറാകണം.
സാം ഈപ്പൻ,
ജില്ലാ പഞ്ചായത്തംഗം
12 കുടുംബങ്ങൾ ഭീതിയിൽ