ഹരിതകേരളം മിഷനും കിലയും ചേർന്ന് ഹരിതനിയമ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നു

പത്തനംതിട്ട: മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ ഇനി പിടിവീഴും. കർശന നടപടിക്കൊരുങ്ങിയിരിക്കുകയാണ് സർക്കാർ. ഇതിനു മുന്നോടിയായി മാലിന്യ സംസ്​കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അവ ലംഘിച്ചാൽ ലഭിക്കാവുന്ന ശിക്ഷകളും വ്യക്തമാക്കി വിപുലമായ കാമ്പയിൻ ഹരിതകേരളം മിഷൻ സംഘടിപ്പിക്കും.
കുറ്റകൃത്യങ്ങൾക്ക് നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള പിഴ ഈടാക്കുന്നതിലും ശിക്ഷ ഉറപ്പാക്കാനായി നിയമനടപടികൾ സ്വീകരിക്കുന്നതിലും കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവിരങ്ങൾ ബന്ധപ്പെട്ട മറ്റ് ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തി ശിക്ഷ ഉറപ്പു വരുത്തുന്നതിലും ഗ്രാമപഞ്ചായത്തുകൾക്കും സുപ്രധാന പങ്കുണ്ട്. ഇത്തരം നിയമങ്ങളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചുമുള്ള അറിവ് പൊതുജനങ്ങളിലേക്ക് എത്തിക്കാനായി തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ഉള്ളവർക്ക് കിലയും ഹരിതകേരളം മിഷനും സംയുക്തമായി ഹരിതനിയമ ബോധവത്ക്കരണ കാമ്പയിൻ സംഘടിപ്പിക്കും. ആദ്യ ഘട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനതല അദ്ധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കുമാണ് പരിശീലനം. തുടർന്ന് അസിസ്റ്റന്റ് സെക്രട്ടറിമാർക്കും ഹെൽത്ത് ഇൻസ്‌​പെക്ടർമാർക്കും പരിശീലനം നൽകും.

കാമ്പയനിൽ സഹകരിക്കുന്നവർ

1.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ

2. മലിനീകരണ നിയന്ത്രണ ബോർഡ്
3. ഭക്ഷ്യസുരക്ഷ വകുപ്പ്

4. പൊലീസ്

5. നഗരകാര്യം

6. ആരോഗ്യം

'അരുത്: വലിച്ചെറിയരുത്, കത്തിക്കരുത്' എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് പൊതുജനങ്ങൾക്ക് അവബോധം നൽകുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.

ബോധവത്ക്കരണം

ജില്ലാതല പരിശീലനത്തിനു ശേഷം ബ്ലോക്കുതലത്തിൽ റിസോഴ്‌​സ് പേഴ്‌​സൺമാർക്കും തുടർന്ന് വാർഡുതലത്തിൽ പൊതുജനങ്ങൾ, വ്യാപാര വ്യവസായ സംഘടനകൾ, ഓട്ടോ​ടാക്‌​സി ഡ്രൈവേഴ്‌​സ് യൂണിയനുകൾ എന്നിവരെ കേന്ദ്രീകരിച്ചും സ്​കൂളുകളിലും കോളജുകളിലും എൻ.സി.സി, എൻ.എസ്.എസ്, സ്​കൗട്ട്, എസ്.പി.സി എന്നിവയുടെ നേതൃത്വത്തിലുമാണ് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഒരു വാർഡിൽ നിന്ന് 50 മുതൽ 100 വരെ

ആളുകൾക്ക് പരിശീലനം നൽകും.

ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ഇന്ന്

തദ്ദേശസ്വയംഭരണ സ്ഥാപനതല അദ്ധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും മലയാലപ്പുഴ കുടുംബശ്രീ അമനിറ്റി സെന്ററിൽ ഇന്ന് നടക്കുന്ന പരിശീലനത്തിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ പി.ബി.നൂഹ് നിർവഹിക്കും. ഏഴിന് നടക്കുന്ന രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിക്കും. അസിസ്റ്റന്റ് സെക്രട്ടറിമാർക്കും ഹെൽത്ത് ഇൻസ്‌​പെക്ടർമാർക്കുമുള്ള പരിശീലനം ഓഗസ്റ്റ് എട്ട്, ഒൻപത്, 12,13 തീയതികളിൽ നടക്കും.

മാലിന്യം സൃഷ്ടിക്കുന്നവരിൽ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തം, ചുമതല, നിയമം അനുശാസിക്കും വിധമുള്ള മാലിന്യ പരിപാലനം, തെറ്റായ രീതിയിൽ മാലിന്യ സംസ്​കരണം നടത്തിയാലുള്ള നിയമനടപടികൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുക.

ആർ.രാജേഷ്,

ജില്ലാ കോ​ഓർഡിനേറ്റർ

ഹരിതകേരളം മിഷൻ