ശബരിമല: നിറപുത്തരി പൂജയ്ക്കായി ശബരിമല ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് ഉപദേവതകളുടെ ക്ഷേത്രനടകളിൽ വിളക്ക് തെളിക്കും. മേൽശാന്തി ആഴിയിൽ അഗ്നിപകർന്ന ശേഷം ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കും. നിറപുത്തരി പൂജയ്ക്കുള്ള നെൽക്കറ്റകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ അച്ചൻകോവിലിനു സമീപമുള്ള വയലിൽ നിന്ന് ഘോഷയാത്രയായാണ് കൊണ്ടുവരിക. ഇന്ന് രാത്രിയോടെ എത്തിക്കുന്ന നെൽക്കറ്റകൾ മേൽശാന്തി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് പൂജകൾക്കായി കൊണ്ടുപോകും. നാളെ രാവിലെ 5.45നും 6.15 നും മദ്ധ്യേ നിറപുത്തരി പൂജ നടക്കും. പൂജിച്ച നെൽക്കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. പതിവ് പൂജകൾക്കും നെയ്യഭിഷേകത്തിനും ശേഷം ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും. വൈകിട്ട് 5ന് നട തുറക്കും. 6.30ന് ദീപാരാധന, 7ന് പടിപൂജ, 8 മുതൽ പുഷ്പാഭിഷേകം. 9.30ന് അത്താഴപൂജ കഴിഞ്ഞ് പത്തിന് നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി 16ന് വൈകിട്ട് 5ന് നട തുറക്കും