mvd

പത്തനംതിട്ട: മോട്ടോർ വാഹന വകുപ്പും പൊലീസും ജില്ലയിൽ ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ (സ്പെഷ്യൽ ഡ്രൈവ്) മുന്നൂറിലേറെ ആളുകളിൽ നിന്ന് പിഴയീടാക്കി. ബൈക്ക് യാത്രികരുടെ ഹെൽമെറ്റും കാർ യാത്രികരുടെ സീറ്റ് ബെൽറ്റുമാണ് പരിശോധിച്ചത്.

എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആർ. രമണന്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ ആർ.ടി.ഒ പരിധിയിൽ നടത്തിയ പരിശാേധനയിൽ 54,850രൂപ പിഴയീടാക്കി. ഹെൽമെറ്റ് ധരിക്കാത്ത 127പേരും സീറ്റ് ബെൽറ്റ് ധരിക്കാത്ത 84പേരുമാണ് കുടുങ്ങിയത്. നൂറ് രൂപ വീതമാണ് പിഴയടക്കേണ്ടി വന്നത്. ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ ഇല്ലാത്തതിനാൽ പലർക്കും ഒന്നിലേറെ കുറ്റങ്ങൾക്ക് പിഴയടക്കേണ്ടി വന്നു. പത്തനംതിട്ട, കോന്നി, അടൂർ, തിരുവല്ല, റാന്നി, മല്ലപ്പളളി എന്നിങ്ങനെ മേഖലാ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന നടന്നത്.

പത്തനംതിട്ട ട്രാഫിക് എസ്. എെ കെ.എസ്.തമ്പിക്കുട്ടിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 80പേരിൽ നിന്ന് പിഴയീടാക്കി.

>>>

'' പരിശോധന വരും ദിവസങ്ങളിൽ തുടരും. പുതിയ മോട്ടോർ വാഹന നിയമം നടപ്പാക്കാനുളള ഉത്തരവ് ലഭിച്ചാൽ പിഴ പതിൻമടങ്ങ് വർദ്ധിക്കും.

ആർ. രമണൻ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.