തിരുവല്ല: കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന മത്സ്യങ്ങളുമായി മത്സ്യഫെഡിന്റെ മൊബൈൽ ഫിഷ് മാർട്ട് തിരുവല്ലയിലൂടെ സഞ്ചാരം തുടങ്ങി. മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.പി ഗോപാലകൃഷ്ണൻ, ഷാജി തിരുവല്ല, നാൻസി, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹാരോൾഡ്‌, ജില്ലാ മാനേജർ പി.എൽ.വത്സലകുമാരി എന്നിവർ പ്രസംഗിച്ചു. അന്തിപച്ച' എന്ന നാമധേയത്തിലാണ് സഞ്ചരിക്കുന്ന മത്സ്യ വിപണനശാലകൾ പ്രവർത്തിക്കുക. ദിവസവും വൈകിട്ട് മൂന്നിന് കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിന് എതിർവശം, 3.30ന് മുഴുവങ്ങാട് ചിറ, 4.15ന് ളായിക്കാട്, 5ന് ചങ്ങനാശ്ശേരി റയിൽവേ സ്റ്റേഷൻ പരിസരം, 5.45ന് എസ്.ബി കോളേജ് ജംഗ്ഷൻ, 6.30ന് കുരിശുംമൂട് ജംഗ്ഷൻ എന്നിവിടങ്ങളിൽ മൊബൈൽമാർട്ട് വഴി ഉപഭോക്താക്കൾക്ക് മത്സ്യം ലഭ്യമാകുന്നു. മത്തി, അയല, നെത്തോലി, നെന്മീൻ, ചൂര, ആവോലി, വാള, കരിമീൻ, ആറ്റുകൊഞ്ച്, മൊത്ത, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളെല്ലാം വാഹനത്തിൽ നിന്ന് ലഭ്യമാണ്. മത്സ്യഫെഡ് മുഖേന വായ്‌പയെടുത്തിട്ടുള്ള മത്സ്യത്തൊഴിലാളികളിൽ നിന്ന് ദിവസേന നേരിട്ട് ലഭിക്കുന്ന മത്സ്യങ്ങൾ ആരോഗ്യത്തിനു ഹാനികരമായ അമോണിയ, ഫോർമാലിൻ, മറ്റ് രാസവസ്തുക്കൾ ഒന്നുംചേർക്കാതെ ശുദ്ധമായ ഐസിൽ സൂക്ഷിച്ചാണ് വിപണിയിൽ എത്തിക്കുന്നതെന്ന് മത്സ്യഫെഡ് അധികൃതർ പറഞ്ഞു. മത്സ്യം കൂടാതെ മൂല്യവർദ്ധിത ഉത്പന്നങ്ങളായ മത്സ്യ, ചെമ്മീൻ അച്ചാറുകൾ, ഫിഷ് കട്‌ലറ്റ്, വിവിധയിനം മത്സ്യകറിക്കൂട്ടുകൾ, ഉണക്കമത്സ്യം, ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തി തുടങ്ങിയ ഉൽപ്പന്നങ്ങളും ലഭ്യമാണ്. ഞായറാഴ്ച അവധിയാണ്. ഫോൺ: 9526041364.