പത്തനംതിട്ട: ഗവ. ആയുർവേദ ആശുപത്രികളിൽ പഞ്ചകർമ്മ ചികിത്സയ്ക്കുളള തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പി.എസ്.സി നിയമനം വൈകുന്നു. തിരുമ്മൽ, ഉഴിച്ചിൽ, വസ്തി, നസ്യം തുടങ്ങിയ ചികിത്സ ചെയ്യുന്നവരിൽ കൂടുതലും സ്വീപ്പർ, അറ്റൻഡർ തസ്തികകളിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച യോഗ്യതയില്ലാത്ത നഴ്സിംഗ് അസിസ്റ്റന്റുമാരാണെന്ന് നിയമനം കാത്ത് കഴിയുന്നവർ ആരോപിക്കുന്നു.

പി.എസ്.സി പട്ടിക നിലനിൽക്കെ, കേന്ദ്ര - സംസ്ഥാന പദ്ധതികളായ നാം, ആയുഷ് എന്നിവ മുഖേന താത്കാലിക തെറാപ്പിസ്റ്റുകളെയും നിയമിക്കുന്നുണ്ട്. സ്ഥിരനിയമനത്തിനുളള സാദ്ധ്യത ഇത്തരം നിയമനങ്ങൾ ഇല്ലാതാക്കുമെന്നാണ് റാങ്ക് ഹോൾഡർമാരുടെ പരാതി. ഗവ. സർട്ടിഫിക്കറ്റോടെ, കുറഞ്ഞത് ഒരു വർഷത്തെ ആയുർവേദ പഞ്ചകർമ്മ കോഴ്സ് പാസായവർക്കാണ് ആയുർവേദ ആശുപത്രികളിൽ പി.എസ്.സി സ്ഥിരനിയമനം നൽകുന്നത്. 2019 ഫെബ്രുവരിയിൽ നിലവിൽ വന്ന പി.എസ്.സി പട്ടികയിൽ നിന്ന് 41പേരെ മാത്രമാണ് നിയമിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റ് നിലവിലുളളപ്പോൾ യോഗ്യതയില്ലാത്തവരെക്കൊണ്ട് തെറാപ്പി ചെയ്യിക്കുന്നതും താത്കാലിക നിയമനവും അവസാനിപ്പിക്കണമെന്നാണ്

റാങ്ക് ഹോൾഡർമാരുടെ ആവശ്യം.

408 ഒഴിവുകളിൽ സ്ഥിരനിയമനത്തിന് നടപടിയായിട്ടില്ല. 10 കിടക്കകൾക്ക് വനിത, പുരുഷ തെറാപ്പിസ്റ്റുകളായി രണ്ടു പേർ വേണമെന്നാണ് മാനദണ്ഡം. സംസ്ഥാനത്തെ 124 ഗവ.ആയുർവേദ ആശുപത്രികളിൽ കിടത്തി ചികിത്സയുണ്ട്.

നടുവേദന, ഒടിവ്, ചതവ്, സ്ട്രോക്ക്, ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾ എന്നിയ്ക്ക് പഞ്ചകർമ്മ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഒഴിവുകൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, നഴ്സിംഗ് അസിസ്റ്റന്റുമാർ തെറാപ്പിസ്റ്റുകളെ സഹായിക്കുന്നവരാണെന്നും ആയുർവേദ മെഡിസിൻ വിഭാഗം വ്യക്തമാക്കി.