പത്തനംതിട്ട: ഇലന്തൂർ ഇടപ്പരിയാരം വിജയവിലാസത്തിൽ സജീവ് മർദ്ദനമേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായി മകൾ അശ്വതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മകളും കാമുകനും ചേർന്ന് പിതാവിനെ മർദ്ദിച്ചുകൊന്നു എന്നാണ് പ്രചാരണം. കഴിഞ്ഞമാസം 24ന് രാവിലെ ഒരുമണിക്കാണ് അച്ഛൻ വിദേശത്ത് നിന്ന് വന്നത്. അച്ഛൻ വീട്ടിൽ വന്നപ്പോൾ മുതൽ വഴക്കായിരുന്നു.കിടപ്പിലായ അമ്മയെ മർദ്ദിച്ചു. തടയാൻ ചെന്ന എന്നെയും ഉപദ്രവിച്ചു.ബന്ധുക്കളോ അയൽക്കാരോ സഹായിക്കാനെത്തിയില്ല. അതുകൊണ്ടാണ് സുഹൃത്തായ മനുവിനെ വിളിച്ചു വരുത്തിയത്. മനുവിന്റെ കൂടെ ആറന്മുള പൊലീസ് സ്റ്റേഷനിലെത്തി പരാതികൊടുത്തു. പൊലീസ് ഒത്തുതീർപ്പിന് വിളിപ്പിച്ചപ്പോൾ ഞാനും അമ്മയും വീട്ടിൽ നിന്നിറങ്ങണമെന്ന് അച്ഛൻ ആവശ്യപ്പെട്ടു. അത് സമ്മതിച്ച് അമ്മയേയുംകൂട്ടി മെഴുവേലിയിലുള്ള അമ്മയുടെ വീട്ടിലേക്ക് പോയി. അമ്മയുടേയും എന്റെയും വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും മാത്രമാണ് കൊണ്ടുപോയത്. അമ്മയുടെ വീട്ടിലെത്തിയ അച്ഛനെ മനു മർദ്ദിച്ചിട്ടില്ല .ഈ സമയം മനു ബന്ധുവീട്ടിലായിരുന്നു. അച്ഛനെ മർദ്ദിച്ച് വീട്ടിലുണ്ടായിരുന്ന സ്വർണവും കൊണ്ട് ഞാൻ കാമുകനൊപ്പം ഒളിച്ചോടിപ്പോയതായാണ് ചില മാദ്ധ്യമങ്ങളിൽ വാർത്ത വന്നത്.വിവാഹാലോചനയുമായി മനുവിന്റെ വീട്ടുകാർ വീട്ടിലേക്ക് വരാനിരിക്കെയാണ് അച്ഛന്റെ മരണം നടന്നതെന്ന് അശ്വതി പറഞ്ഞു..