ശബരിമല : നിറപുത്തരിപൂജയുടെ ധന്യതയിലാണ് ഇന്ന് സന്നിധാനം. അതേസമയം കഴിഞ്ഞ വർഷത്തെ പ്രളയകാലത്തിന്റെ ഭീതിനിറഞ്ഞ ഒാർമ്മയിലും. കഴിഞ്ഞ വർഷം നിറപുത്തരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കുന്നതിനായി തന്ത്രി മഹേഷ് മോഹനരും പരികർമ്മികളും നൂറ് കണക്കിന് തീർത്ഥാടകരും എത്തിയപ്പോൾ പമ്പ രൗദ്രഭാവത്തിലായിരുന്നു. കുത്തിയൊഴുകിയും കരകവർന്നും പമ്പ സംഹാരരുദ്ര ആയപ്പോൾ ഇക്കരെനിന്ന് നെടുവീർപ്പിടാനെ ഏവർക്കും കഴിഞ്ഞിരുന്നുള്ളൂ. തന്ത്രിയേയും പരികർമ്മികളേയും കതിർകറ്റകളും സന്നിധാനത്ത് എത്തിക്കാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. കൊല്ലത്ത് നിന്ന് മത്സ്യബന്ധന തൊഴിലാളികൾ വള്ളവുമായി എത്തിയെങ്കിലും അതും ഫലംകണ്ടില്ല. തുടർന്ന് തന്ത്രിയും പരിവാരങ്ങളും ദേവസ്വം എക്സിക്യൂട്ടീവ് ഒാഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വണ്ടിപ്പെരിയാർ വഴി പുല്ലുമേടിലൂടെ ശബരിമലയിൽ എത്തിക്കാനായിരുന്നു അടുത്ത നീക്കം. എന്നാൽ പുല്ലുമേടിൽ എത്തിയപ്പോഴേക്കും ഇരുട്ടും കനത്തമഴയും കാരണം തന്ത്രി ഉൾപ്പെടെയുള്ളവർ പുല്ലുമേട്ടിലെ വനംവകുപ്പിന്റെ ക്യാമ്പിൽ തങ്ങാൻ നിർബന്ധിതരായി. അടുത്ത ദിവസം രാവിലെ തന്ത്രിയും സംഘവും എത്തിയപ്പോഴേക്കും ശബരിമലയിൽ നിറപുത്തരിപൂജാ ചടങ്ങുകൾ പൂർത്തിയായിരുന്നു. അതും കൊയ്തെടുത്ത കതിർകറ്റകൾ ചാക്കിൽ കെട്ടി രണ്ട് യുവാക്കൾ അതീസഹസികമായി പമ്പാനദി നീന്തിക്കടന്ന് സന്നിധാനത്ത് എത്തുകയായിരുന്നു.
അതേസമയം ഇന്നലെ പമ്പ ശാന്തമായിരുന്നു. കഴിഞ്ഞ വർഷം സന്നിധാനത്ത് എത്താതെ മടങ്ങിയ ഭക്തർ ഇന്നലെ രാവിലെ മുതൽ വന്നുതുടങ്ങി. നിറപുത്തരിക്കായി ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ അച്ചൻകോവിലിലെ പാടത്ത് നിന്ന് കൊയ്തെടുത്ത കതിർ കറ്റകൾ ഇന്നലെ വൈകിട്ട് 4 മണിയോടെ പമ്പയിൽ നിന്ന് തലച്ചുമടായി സന്നിധാനത്ത് എത്തിച്ചു. അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തിൽ പാലക്കാട് കൊല്ലങ്കോട് നിന്ന് കൊയ്തെടുത്ത കതിർകറ്റകളും സന്നിധാനത്ത് എത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 5.45 നും 6.15 നും ഇടയിലാണ് നിറപുത്തരി പൂജ. പുലർച്ചെ കതിർകറ്റകൾ മേൽശാന്തിയും ഉപശാന്തിമാരും ചേർന്ന് കൊടിമരചുവട്ടിൽ നിന്ന് ശിരസ്സിലേറ്റി ശ്രീകോവിലിൽ എത്തിക്കും. മൂലവിഗ്രഹിന് മുന്നിൽ സമർപ്പിച്ച് പൂജകൾ നടത്തും. പുന്നെല്ലിൽ കുത്തിയെടുത്ത അവിലും ഉച്ചപൂജയ്ക്ക് പുത്തരികൊണ്ടുള്ള പായസവും ഭഗവാന് നേദിക്കും. രാത്രി പത്തിന് ഹരിവരാസനം പാടി നടഅടയ്ക്കും. ഇതോടെ തന്ത്രി കണ്ഠരര് രാജീവര് ഒരുവർഷത്തെ പൂജകഴിഞ്ഞ് മലയിറങ്ങും. ചിങ്ങം ഒന്നുമുതൽ ഒരുവർഷക്കാലം താഴമൺ മഠത്തിലെ കണ്ഠര് മഹേഷ് മോഹനർർക്കാണ് താന്ത്രിക ചുമതല.