ചെങ്ങന്നൂർ: ഇടനാട്ടിൽ ഭൂഗർഭ ശുദ്ധജല മത്സ്യത്തെ കണ്ടെത്തി. ഒന്നര വർഷം മുമ്പ് തിരുവല്ലയിൽ നിന്ന് കണ്ടെത്തിയ ശുദ്ധജല മത്സ്യത്തിന് ശാസ്ത്രലോകം മഹാബലിയെന്ന്‌പേര് നൽകി രണ്ടാഴ്ച പിന്നിടുമ്പോഴാണ് സമീപപ്രദേശമായ ചെങ്ങന്നൂർ ഇടനാട്ടിൽ നിന്ന് മറ്റൊരു മത്സ്യത്തെ ലഭിച്ചത്. പ്രളയം സംഹാര താണ്ഠവമാടിയ ഇടനാട്ടിൽ പ്രദേശത്തെ കിണറുകൾ മുക്കാലും പ്രളയം ജലം മുടിയിരുന്നു. ചുവന്ന നിറത്തിലുള്ള മത്സ്യത്തെയാണ് ഇവിടെ കണ്ടെത്തിയത്.
ഇടനാട് ഗവ.ജെ.ബി.എസ്. അദ്ധ്യാപിക ചന്ദനപ്പള്ളിൽ നീനയുടെ വീട്ടിലെ കിണറ്റിൽ നിന്നുമാണ് മത്സ്യത്തെ ലഭിച്ചത്. കിണറ്റിൽ നിന്ന് ടാങ്കിൽശേഖരിച്ച വെള്ളത്തിലൂടെ ടാപ്പിലൂടെ പുറത്തു വരികയായിരുന്നു. വളരെവേഗത്തിൽ ജലത്തിലൂടെ സഞ്ചരിക്കുന്ന മത്സ്യത്തിന് മുള്ളുകൾപോലെ നീണ്ട ശരിരഭാഗങ്ങളുമുണ്ട്. .ഹോറാഗ്ലാനിസ് വിഭാഗത്തിൽ പെടുന്നതാണ് ഇതെന്ന് കൊച്ചി എൻ.ബി.എഫ്.ജി.ആറിലെ ശാസ്ത്രജ്ഞൻ ഡോ. വി.എസ്.ബഷീർ പറഞ്ഞു. കൂടുതൽ പരിശോധന നടത്തിയാലെ ഏതിനമെന്ന് കണ്ടെത്താനാകൂ. തൊട്ടടുത്ത ദിവസം തന്നെ എൻ.ബി.എഫ്.ജി.ആറിലെ ഗവേഷകർ ഇടനാട്ടിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിക്കടിയിലെ ശുദ്ധജല ശ്രോതസാണ് ഇവയുടെ വാസസ്ഥാനം. പ്രളയത്ത തുടർന്ന് ആവാസവ്യവസ്ഥ താളം തെറ്റിയതാകാം മത്സ്യം ഉപരിജലത്തിൽ എത്താൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇടനാട്ടിലെ മിക്ക കിണറുകളിലും മഴക്കാലമായിട്ടും ശുദ്ധജലം കിട്ടാക്കനിയാണ്. മത്സ്യത്തെ കണ്ടെത്തിയ സാഹചര്യത്തിൽ സമീപ പ്രദേശങ്ങളിലെ കിണറുകളിലും ശാസ്ത്ര സംഘം പരിശോധന നടത്തും.