ശബരിമല : ശബരിമലയിൽ നിറപുത്തരിപൂജ പുണ്യ ദർശനമായി. ഇന്നലെ പുലർച്ചെ നാലിന് നടതുറന്ന് അഞ്ചു മണിയോടെ നിറപുത്തരി ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പതിനെട്ടാംപടിക്ക് മുകളിൽ വച്ച കതിർകറ്റകളിൽ തന്ത്രി കണ്ഠര് രാജീവരര് തീർത്ഥം തളിച്ച് ശുദ്ധിവരുത്തി.തുടർന്ന് മേൽശാന്തിയും പരിവാരങ്ങളും കറ്റകൾ ശിരസിലേറ്റി. ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും അനുഗമിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശ്രീകോവിലിന് പ്രദക്ഷിണം നടത്തി ഗണപതി ഹോമം നടക്കുന്ന കിഴക്കേമണ്ഡപത്തിൽ കറ്റകൾ പൂജിച്ച ശേഷം ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ചു. അയ്യപ്പവിഗ്രഹത്തിനിരുവശവും വച്ച് പ്രത്യേക പൂജനടത്തി . തന്ത്രിയും മേൽശാന്തിയും ചേർന്ന് ശ്രീകോവിലിലും ഉപദേവതാ ക്ഷേത്രങ്ങളിലും നെൽകതിരുകൾ കെട്ടിത്തൂക്കി. പുതുനെല്ലിൽ കുത്തിയെടുത്ത അവൽ അയപ്പസ്വാമിക്ക് നേദ്യമായി സമർപ്പിച്ചു. തുടർന്ന് നെൽകതിരുകൾ തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് പ്രസാദമായി നൽകി.. 5.45 നും 6.15നും മദ്ധ്യേയായിരുന്നു നിറപുത്തരി ചടങ്ങുകൾ. ഉച്ചപൂജയ്ക്കും പുന്നെല്ലിന്റെ അരികൊണ്ട് തയ്യാറാക്കിയ അരവണയായിരുന്നു അയ്യപ്പന് നേദ്യമായി സമർപ്പിച്ചത്. വൈകിട്ട് പടിപൂജയ്ക്ക് ശേഷം അത്താഴപൂജകഴിഞ്ഞ് രാത്രി10 ന് ശ്രീകോവിൽ നട അടച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കർദാസ് ,അഡ്വ.വിജയകുമാർ ഓംബുഡ്സ്മാൻ ജസ്റ്റിസ് രാമൻ, സ്പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവരും ചടങ്ങുകൾ ദർശിക്കാൻ എത്തിയിരുന്നു. ചിങ്ങമാസ പൂജകൾക്കായി 16ന് വൈകിട്ട് അഞ്ചിന് നട തുറക്കും.