പത്തനംതിട്ട: മലയാലപ്പുഴയിൽ നിന്നും നാലുകിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മലയാലപ്പുഴ മുക്കുഴി കോമാട്ടുപടിഞ്ഞാറ്റേതിൽ മനോജ് (42), സഹായി മധുര കുരിവിലാംപെട്ടി കിഴക്ക് തെരുവിൽ രാമു (40) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നുമാണ് മനോജ് കഞ്ചാവ് നാട്ടിലെത്തിച്ചത്. മുമ്പ് കേസുകളിൽ പ്രതിയായ മനോജ് ഏതാനും മാസം മുമ്പാണ് ജയിൽമോചിതനായതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നും റോഡ്മാർഗമാണ് കഞ്ചാവെത്തിച്ചത്. വളരെ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നും വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് വലിയ വിലയ്ക്ക് വിൽപ്പന നടത്തുകയാണ് ഇവരുടെ പതിവ്. ആന്റിനർക്കോട്ടിക് സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ദിവസങ്ങളായി മനോജ്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ആന്റിനർക്കോട്ടിക് സെല്ലും മലയാലപ്പുഴ എസ്.ഐ. സുജിത്തുമടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ആന്റിനർക്കോട്ടിക് സെൽ എസ്.ഐ. രഞ്ജു, എ.എസ്.ഐമാരായ എസ്. രാധാകൃഷ്ണൻ, എസ്. വിൽസൺ, സീനിയർ സി.പി.ഒ. ആർ. അജികുമാർ, കെ.വി. വനോദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
മലയാലപ്പുഴയിൽ നിന്ന് 4 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികൾ